മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് ജോസെ മൗറീഞ്ഞോയെ പുറത്താക്കി. സീസണില്‍ ടീമിന്റെ ഏറ്റവും മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരേയും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. സീസണില്‍ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 26 പോയിന്റുമായി ആറാം സ്ഥാനത്താണ്.
മൂന്ന് വര്‍ഷമായി യുണൈറ്റഡിന്റെ ചുമതലയില്‍ ഉള്ള മൗറീഞ്ഞോയുടെ എറ്റവും മോശം സീസണായിരുന്നു ഇത്. 18 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ആദ്യ അഞ്ചില്‍ പോലും എത്താന്‍ യുണൈറ്റഡിനായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ഗോള്‍ ഡിഫറന്‍സ് ഇപ്പോഴും പൂജ്യമായ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് കടന്നു പോകുന്നത്.
2016 ലാണ് മൗറീഞ്ഞോ യുണൈറ്റഡിന്റെ പരിശീലകനായി എത്തിയത്. കുറച്ചു നാളുകളായി യുണൈറ്റഡ് മാനേജ്‌മെന്റുമായി അദ്ദേഹം അത്ര നല്ല സുഖത്തിലുമല്ലായിരുന്നു. മൂന്ന് സീസണില്‍ മൗറീനോയ്ക്ക് അഭിമാനിക്കാന്‍ ഉള്ളത് ഒരു യൂറോപ്പ ലീഗ് കിരീടവും ഒരു ലീഗ് കപ്പ് കിരീടവും മാത്രമാണ്.