പ്രണയ കൊല, രഖിലിന്റെ സുഹൃത്തും കുരുക്കിൽ, കൂടുതൽ അറസ്റ്റുണ്ടാകും ?

കോതമംഗലം: ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആത്മഹത്യ ചെയ്ത രഖിലിന്റെ സുഹൃത്തും പ്രതിയാകാന്‍ സാധ്യത. ബീഹാറില്‍ നിന്നും തോക്ക് വാങ്ങാന്‍ കൂട്ട് നിന്നെന്ന് വ്യക്തമായാല്‍ തുടര്‍ നടപടിയുണ്ടാകും. ഇതിനായി ഇയാളെ വിശദമായി പൊലീസ് ചോദ്യം ചെയ്യും, ഇതിനു ശേഷമായിരിക്കും പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. തോക്ക് നേരിട്ട് വാങ്ങുമ്പോള്‍ സുഹൃത്ത് ഒപ്പം ഉണ്ടായിരുന്നോ എന്നതും കൊലപാതകം നടത്തുന്നതിന് വേണ്ടി തന്നെയാണ് തോക്ക് വാങ്ങിയതെന്ന വിവരം നേരത്തെ ഇയാള്‍ക്ക് അറിയാമായിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

മാത്രമല്ല, അനധികൃതമായി തോക്ക് കൈവശം വയ്ക്കുന്നത് തന്നെ ശിക്ഷാര്‍ഹമായ കാര്യമാണ്. ആ തോക്ക് ഉപയോഗിച്ച് കൊലപാതകം കൂടി നടത്തിയ സ്ഥിതിക്ക് തോക്ക് വാങ്ങാന്‍ കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തിലും നിയമത്തിന്റെ മുന്നില്‍ അയാള്‍ കുറ്റവാളിയാണ്. തോക്കിന്റെ ഉറവിടം തേടിയുള്ള പൊലീസ് അന്വേഷണം ബീഹാറിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇവിടെ ഇരുവരും താമസിച്ച ഹോട്ടലിലും പൊലീസ് തെളിവെടുപ്പ് നടത്തും. ആരാണ് തോക്ക് നല്‍കിയതെന്ന് കണ്ടെത്തിയാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലേക്കും കള്ളത്തോക്ക് കടത്തുന്ന വന്‍ സംഘത്തിലാണ് അന്വേഷണം എത്തിചേരുക. രണ്ടു പേരുടെ മരണത്തിന് തോക്ക് നല്‍കിയവരും കുരുക്കിലാകും. ഇവരെയും പ്രതിപട്ടികയില്‍ ചേര്‍ക്കേണ്ടി വരും.

ജൂലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്റര്‍നെറ്റില്‍ നിന്നാണ് തോക്ക് ബിഹാറില്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയിരിക്കുന്നത്. ബിഹാറിലെത്തിയ രഖില്‍ നാലിടങ്ങളിലായി 8 ദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു ഇരുവരും നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നല്‍കിയ പരാതിയില്‍ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു യുവാക്കളുടെ ബിഹാര്‍ യാത്ര.

കൊല നടത്താന്‍ രഖില്‍ ഉപയോഗിച്ചത് പഴയ തോക്കാണ്. ഈ 7.62 എംഎം പിസ്റ്റളില്‍ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചിരിക്കുന്നത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖില്‍ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. രഖിലിന്റെയും സുഹൃത്തിന്റെയും മൊബൈല്‍ ഫോണ്‍ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. തോക്ക് നല്‍കിയ സംഘത്തെ പിടികൂടാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ.

കണ്ണൂരില്‍ എത്തിയ അന്വേഷണ സംഘം ഇരുവരുടെയും സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളില്‍ രഖില്‍ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രഖിലിന്റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത് മൊഴി നല്‍കിയിരിക്കുന്നത്. മാനസ അവഗണിച്ചതോടെ രഖിലിന് കടുത്ത പകയായി മാറി. രഖിലിന് കൗണ്‍സിലിംഗ് നല്‍കണമെന്ന് കുടുംബത്തെ താന്‍ അറിയിച്ചിരുന്നുവെന്നും ആദിത്യന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു പ്രണയം തകര്‍ന്ന ശേഷമാണ് മാനസയെ രഖില്‍ പരിചയപ്പെട്ടതെന്ന് സഹോദരന്‍ രാഹുലും വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ രഖില്‍ തയ്യാറായിരുന്നില്ല. പിന്നീട് മാനസ തള്ളിപ്പറയുക കൂടി ചെയ്തതോടെ രഖിലിന്റെ നിയന്ത്രണം വിടുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവിതം തകര്‍ന്നെന്ന് തനിക്ക് രഖില്‍ മെസേജ് അയച്ചിരുന്നുവെന്നാണ് സഹോദരന്‍ തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്. വിദേശത്ത് പോയി പണമുണ്ടാക്കിയാല്‍ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരന്‍ പറയുന്നു.

അതേസമയം, മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ മാനസിക പ്രയാസങ്ങള്‍ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാന്‍ രഖില്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നതായ വിവരവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. മറ്റൊരു വിവാഹം ആലോചിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നുവത്രെ. രണ്ട് പേരുടെയും അപ്രതീക്ഷിത മരണം ഇരു കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ഷോക്കാണ് നല്‍കിയിരിക്കുന്നത്. കേരളത്തെ നടുക്കിയ കൊലപാതകത്തിന് ഇടയാക്കിയ തോക്കിന്റെ ഉറവിടം കൂടി പൂര്‍ണ്ണമായും കണ്ടെത്തുന്നതോടെ കൂടുതല്‍ അറസ്റ്റുമുണ്ടാകും.

 

Top