എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ബെര്‍ണാഡോ സില്‍വയും ലിറോയ് സാനെയും ഓരോ ഗോളുകള്‍ വീതം നേടിയത്.

മൂന്ന് മത്സരങ്ങള്‍ മാത്രമാണ് പ്രീമിയര്‍ ലീഗില്‍ അവശേഷിക്കുന്നത്. 35 മത്സരങ്ങളില്‍ 89 പോയിന്റാണ് സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 88 പോയിന്റുള്ള ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്. 64 പോയിന്റോടെ ലീഗില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ വോള്‍വ്സിനോട് ആഴ്സണല്‍ തോല്‍വി വഴങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വോള്‍വ്സ് ആഴ്സനലിനെ തകര്‍ത്തത്. നെവെസ്, ദൊഹെര്‍ട്ടി, ജോട്ട എന്നിവരാണ് വോള്‍വ്സിനായി ലക്ഷ്യം കണ്ടത്. എണ്‍പതാം മിനുട്ടില്‍ സോക്രട്ടീസാണ് ആഴ്സണിലിന്റെ ആശ്വാസഗോള്‍ നേടിയത്.

Top