മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറിലും കോപ്പന്‍ഹേഗനെ കാഴ്ചക്കാരാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. ആദ്യ പാദത്തിലും ഇതേ സ്‌കോറിന് കോപ്പന്‍ഹേഗനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി വിജയം ആഘോഷിച്ചിരുന്നു. ഇതോടെ 6-2 എന്ന സ്‌കോറിന് ആധികാരിക വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കടന്നു.
മറ്റൊരു മത്സരത്തില്‍ ആര്‍ ബി ലെയ്പ്സിഗിനെ റയല്‍ മാഡ്രിഡ് സമനിലയില്‍ പിടിച്ചു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി. 65-ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ റയലിനായി വലചലിപ്പിച്ചു. എന്നാല്‍ 68-ാം മിനിറ്റില്‍ വില്ലി ഓര്‍ബന്‍ തിരിച്ചടിച്ചു. സ്വന്തം തട്ടകത്തിലെ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ലീഡ് റയലിന് ഗുണമായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കടന്നു.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ മാനുവല്‍ അകാഞ്ജി, ഒമ്പതാം മിനിറ്റില്‍ ഹൂലിയന്‍ അല്‍വരാസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ 48-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ സിറ്റിക്കായി ഗോളടിച്ചു. 29-ാം മിനിറ്റില്‍ മുഹമ്മദ് എല്യുനൂസി കോപ്പന്‍ഹേഗന്റെ ആശ്വാസ ഗോള്‍ നേടി.