മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാലണ്ട് ക്ലബ്ബ് വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാലണ്ട് ക്ലബ്ബ് വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. സിറ്റിയുമായുള്ള കരാര്‍ കാലാവധി നീട്ടുന്നത് തന്റെ ശ്രദ്ധയിലില്ലെന്ന് ഹാലണ്ട് തുറന്നുപറഞ്ഞു. ഹാലണ്ട് എത്തിഹാദ് വിടുന്നുമെന്നും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഈ പ്രതികരണം.

2022 ജൂലൈയിലാണ് നോര്‍വീജിയന്‍ യുവതാരം മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും അഞ്ച് വര്‍ഷത്തെ കരാറിനാണ് താരം എത്തിഹാദിലെത്തിയത്. സിറ്റിയുടെ നീലക്കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്.

സിറ്റിയുമായുള്ള കരാര്‍ പുതുക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കളിക്കളത്തിലാണ് ഇപ്പോള്‍ പ്രധാനമായും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ധാരാളം മത്സരങ്ങളാണ് കാത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഒരു ഡെര്‍ബി, ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ്, ഞായറാഴ്ച ലിവര്‍പൂളുമായാണ് മത്സരം. അവിടെയാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’, ഹാലണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ക്ലബ്ബ് വിടുന്ന കാര്യം ഭാവിയില്‍ പരിഗണിക്കാമെന്നും ഹാലണ്ട് കൂട്ടിച്ചേര്‍ത്തു.

Top