ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞ മത്സരത്തില്‍ വോള്‍വ്‌സിനോട് തോല്‍വി വഴങ്ങിയ സിറ്റി ഇത്തവണ ആഴ്‌സണലിനോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ തോല്‍വി. മത്സരത്തില്‍ ഗോളടിക്കാന്‍ ശ്രമിക്കാതെ പന്ത് നിയന്ത്രിക്കുന്നതിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിച്ചത്. ഇത് അവസാന നിമിഷം സിറ്റിക്ക് തിരിച്ചടിയായി. 86-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിന്റെ ഗോളടിച്ചത്.
പോയിന്റ് ടേബിളില്‍ ടോട്ടനം ആണ് ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ ടോട്ടനത്തിന് ആറ് ജയമുണ്ട്. ഇന്നത്തെ ജയത്തോടെ ആഴ്‌സണല്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി. സിറ്റി മൂന്നാം സ്ഥാനത്തേയ്ക്കും വീണു. ലിവര്‍പൂളാണ് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത്.
മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണ്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വിതം നേടി. ലിവര്‍പൂളിന് വേണ്ടി മുഹമ്മദ് സലാ ഇരട്ട ഗോള്‍ നേടി. പക്ഷേ ബ്രൈറ്റന്റെ പോരാട്ട മികവ് ലിവര്‍പൂള്‍ ജയം തട്ടിയകറ്റി. ഇന്ന് നടന്ന മറ്റ് രണ്ട് മത്സരങ്ങള്‍കൂടി സമനിലയില്‍ അവസാനിച്ചു. വെസ്റ്റ് ഹാം – ന്യൂകാസില്‍ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. വോള്‍വ്‌സ് – ആസ്റ്റണ്‍ വില്ല മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.