സ്റ്റോക്ഹോം: യൂറോപ്പ് ലീഗ് ഫൈനലിൽ അയാക്സിനെ പരാജയപ്പെടുത്തി ഹോസെ മൗറീഞ്ഞോ.
എതിരില്ലാത്ത രണ്ടു ഗോളിനു അയാക്സിനെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ടു. അരീനയിലെ നൊമ്പരം മായിക്കാൻ കിരീടത്തിൽ കുറഞ്ഞൊന്നും പകരമാകില്ലെന്ന് അറിഞ്ഞ് കളിച്ച യുണൈറ്റഡ് ആദ്യ പകുതിയും രണ്ടാം പകുതിയിലും അയാക്സ് ഗോൾവല ചലിപ്പിച്ച് മാഞ്ചസ്റ്ററിന്റെ ചുണ്ടിലെ ചിരിയെ തിരികെപ്പിടിക്കുകയായിരുന്നു.
പോൾ പോഗ്ബയും ഹെൻട്രിക് മിക്ഹിതയനുമാണ് മാഞ്ചസ്റ്ററിനായി ഗോൾ നേടിയത്. പോഗ്ബ അയാക്സിന് ആദ്യ പ്രഹരമേൽപ്പിച്ചപ്പോൾ മിക്ഹിതയൻ പട്ടിക പൂർത്തിയാക്കി. 18-ാം മിനിറ്റിലാണ് പോക്ബ അയക്സിന്റെ ഹൃയംപിളർന്നത്. ബോക്സിനു തൊട്ടടുത്തുനിന്ന് പോക്ബ പായിച്ച ബുള്ളറ്റ് ഷോട്ട് അയക്സ് വലയിൽ തുളച്ചുകയറി.
രണ്ടാം പ്രഹരം രണ്ടാം പകുതിയിലെ 48-ാം മിനിറ്റിലായിരുന്നു. മിക്ഹിതയൻ മാഞ്ചസ്റ്റർ ലീഡ് രണ്ടായി ഉയർത്തി. ക്രിസ് സ്മൈലിംഗിന്റെ ഹെഡർ പോസ്റ്റിന് പുറംതിരിഞ്ഞുനിന്ന മിക്ഹിതയൻ ചെറു ഫ്ലിക്കിലൂടെ ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. കളിയുടെ ആദ്യാവസാനം മേധാവിത്വം പുലർത്തിയ മാഞ്ചസ്റ്റർ അർഹിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. ചില ലോംഗ് ഷോട്ടുകളിൽ മാത്രമൊതുങ്ങി അയാക്സിന്റെ പ്രത്യാക്രമണം.
ജയത്തോടെ അടുത്തവർഷത്തെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാനും മൗറീഞ്ഞോയുടെ ചുവന്ന ചെകുത്താൻമാർക്കായി. മാഞ്ചസ്റ്ററിൽനിന്ന് ചാമ്പ്യൻസ് ലീഗിനുള്ള ലാസ്റ്റ് ബസിൽ കിരീടവുമായി ചാടിക്കയറാനായത് മാഞ്ചസ്റ്ററിന് മറ്റൊരു വലിയ ആശ്വസമാണ്.