മാഞ്ചസ്റ്റര്‍: ചൈനീസ് ലീഗിലേക്കോ അമേരിക്കന്‍ ലീഗിലേക്കോ മാറാനൊരുങ്ങി സ്വീഡിഷ് സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രഹിമോവിക്. മാഞ്ചസ്റ്ററില്‍ പ്ലെയിംഗ് ഇലവനില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കാത്തതിനാലാണ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉപേക്ഷിക്കുന്നതെന്നാണ് വിവരം.
യാഹൂ സ്‌പോട്‌സാണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോസ് മൗറീഞ്ഞോയില്‍ നിന്ന് പുറത്തായ ഇബ്രാഹിമോവിക്കിന് പകരക്കാരനായി ലുക്കാകു മാഞ്ചസ്റ്ററിന്റെ പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കും. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരം കരാറിന് ശേഷവും ഫ്രീ ട്രാന്‍സ്‌ഫെറില്‍ ക്ലബ്ബില്‍ തന്നെ തുടരുകയായിരുന്നു.
ദീര്‍ഘ കാലം പരിക്കിന്റെ പിടിയിലായത് താരത്തിനെ ക്ഷീണിപ്പിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഈ സീസണ്‍ അവസാനം വരെയാണ് മാഞ്ചസ്റ്ററുമായി ഇബ്രഹിമോവികിന്റെ കരാര്‍. അതേസമയം ഇബ്രാഹിമോവിക്കുമായി കരാര്‍ ഒപ്പിടാന്‍ അമേരിക്കന്‍ ക്ലബ് എല്‍.എ ഗാലക്‌സി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എസി മിലാനും താരത്തിനൊപ്പമുണ്ടെന്നാണ് വിവരം. ഇതിനിടെ ഇബ്ര മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി നേരത്തെ കോച്ച് ഹൊസെ മൗറീഞ്ഞോ രംഗത്തെത്തിയിരുന്നു.