രാജ്യത്ത് ജനന- മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; ബില്‍ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് ജനന- മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. രജിസ്ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലില്‍ പറയുന്നു. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്.

ജനസംഖ്യ രജിസ്റ്റര്‍, തെരഞ്ഞെടുപ്പുകള്‍, റേഷന്‍കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല രജിസ്ട്രാറില്‍ പിന്നീട് ചെയ്യാം. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം, സര്‍ക്കാര്‍ ജോലി തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. മരിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോള്‍, അതിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കേണ്ടതാണെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.

Top