വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ 60 ശതമാനത്തോളം ഭാഗം കന്നഡ ഭാഷയിലാകണമെന്ന നിബന്ധന നിയമമാക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. കന്നഡ ഭാഷ ഇതര ബോര്‍ഡുകള്‍ സ്ഥാപിച്ച വ്യാപാര സമുചയങ്ങള്‍ക്കും കടകള്‍ക്കും നേരെ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ അതിക്രമം കാട്ടിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതലയോഗതിലാണ് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനം. കര്‍ണാടകയില്‍ വ്യാപാരം ചെയ്യുന്നവര്‍ ഏതു സംസ്ഥാനക്കാരായാലും നിബന്ധന പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
അതേസമയം, കന്നഡ ഭാഷയെയും സംസ്‌കാരത്തെയും നിന്ദിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന നിലപാടിലാണ് നഗരത്തില്‍ അക്രമം അഴിച്ചുവിട്ട കന്നഡ രക്ഷണ വേദികെ. ബുധനാഴ്ച നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ സംസ്ഥാന അധ്യക്ഷന്‍ നാരായണ ഗൗഡ ഉള്‍പ്പടെ 15 കെ ആര്‍ വി പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. ഫെബ്രുവരി 28-നുള്ളില്‍ കര്‍ണാടക മുഴുവന്‍ കന്നഡ ബോര്‍ഡുകള്‍ പ്രത്യക്ഷപെട്ടില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സംഘടന. കെആര്‍വിയുടെ സമരത്തെ അനുകൂലിച്ചു കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി രംഗത്തു വന്നു. ഇംഗ്ലീഷില്‍ ബോര്‍ഡ് എഴുതാന്‍ ഇത് ഇംഗ്ലണ്ട് അല്ല കര്‍ണാടകയാണെന്നു അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് എല്ലാവര്‍ക്കും അറിയുന്ന ഭാഷയല്ല, സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിയുന്ന ഭാഷ കന്നഡയാണെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു .
ബോര്‍ഡിന്റെ കാര്യത്തില്‍ കെആര്‍വി നിലപാട് കടുപ്പിച്ചതോടെ കന്നഡ ഭഷയില്‍ വലുതായി ബോര്‍ഡ് എഴുതിക്കാനുള്ള നെട്ടോട്ടത്തിലാണ് വ്യാപാരികള്‍. ബഹുരാഷ്ട്ര കുത്തക ബ്രാന്‍ഡുകളുടെ ഷോറൂമുകളില്‍ മിക്കവയും ബോര്‍ഡുകള്‍ മാറ്റി കഴിഞ്ഞു. പുതുവത്സരാഘോഷം കഴിഞ്ഞ ഉടന്‍ കന്നഡ ബോര്‍ഡ് സ്ഥാപിക്കാമെന്ന തീരുമാനത്തിലാണ് ചിലര്‍. മലയാളികളും തമിഴരും തെലുഗരും ഗുജറാത്തികളും പഞ്ചാബികളും രാജസ്ഥാനികളും ബംഗാളികളും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടെ നിരവധി പേരാണ് ബെംഗളുരുവില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നത്. തനത് ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വയ്ക്കുമ്പോള്‍ പ്രാദേശിക ഭാഷയില്‍ ചിലര്‍ വലുതായി ബോര്‍ഡില്‍ പേര് വയ്ക്കുന്നത് പതിവ് കാഴ്ചയാണ്.