കഴിഞ്ഞ വര്‍ഷം വിവിധ ചലച്ചിത്രമേളകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത മണ്ട്രോത്തുരുത്ത് തീയേറ്ററുകളിലേക്ക്.
പി എസ് മനു സംവിധാനം ചെയ്ത സിനിമ സംവിധായകന്‍ ആഷിക് അബുവാണ് തീയേറ്ററുകളിലെത്തിക്കുന്നത്.
കലാമൂല്യമുള്ള സമാന്തര സിനിമകളെ പ്രേക്ഷകശ്രദ്ധയിലെത്തിക്കാന്‍ വീണ്ടും മുന്‍കൈയെടുക്കുകയാണ് ആഷിക് അബു.
നേരത്തെ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി തീയേറ്ററുകളില്‍ പരിചയപ്പെടുത്തിയതും ആഷിക് അബുവായിരുന്നു.
മുംബൈ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലെത്തുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് മണ്ട്രോത്തുരുത്ത്.
മികച്ച മലയാള ചിത്രത്തിനുള്ള ജോണ്‍ എബ്രഹാം പുരസ്‌കാരം, നവാഗത സംവിധായകനുള്ള അരവിന്ദന്‍ ദേശീയപുരസ്‌കാരം എന്നിവ സ്വന്തമാക്കിയ ചിത്രമാണ് മണ്ട്രോത്തുരുത്ത്.
ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മണ്ട്രോത്തുരുത്ത്. മനു തന്നെയാണ് രചനയും നിര്‍മ്മാണവും.
പ്രതാപ് പി നായര്‍ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
ജേസണ്‍ ചാക്കോ, അഭിജാ ശിവകല, അലന്‍സിയര്‍ ലേ ലോപ്പസ്, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സെപ്തംബര്‍ 30ന് ചിത്രം തീയേറ്ററുകളിലെത്തും