പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 (ഏ 23) നേതാവ് മനീഷ് തിവാരി. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും മോദിയല്ല നേതൃനിരയിലുള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്നും മനീഷ് തിവാരി വിമര്‍ശിച്ചു. പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദു പാര്‍ട്ടിയെ തകര്‍ത്തു. സിദ്ദുവിന് പദവി നല്‍കിയവര്‍ മറുപടി പറയണം. സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഗ്രൂപ്പ് 23 നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി പങ്കുവച്ചിരുന്നു. ഗ്രൂപ്പ് 23 മുന്‍പോട്ട് വച്ച ആവശ്യങ്ങളില്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്. പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പ് 23 ന്റെ ആവശ്യം. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് വിമര്‍ശനം. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നു. സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തിന്റെ വികാരം സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ച ഗുലാം നബി ആസാദ് പ്രതിഷേധം സോണിയക്ക് എതിരെ അല്ലെന്നും വ്യക്തമാക്കി.