തൊടുപുഴ: മംഗളാ ദേവി ക്ഷേത്രത്തിലെ അവകാശ തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ തിങ്കളാഴ്ച മംഗളാദേവി ക്ഷേത്രം സന്ദര്‍ശിക്കും.
അവകാശത്തര്‍ക്ക വിഷയത്തില്‍ കേരള-തമിഴ്നാട് ദേവസ്വം മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും ദേവസ്വം പ്രസിഡന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം കേരളത്തിന് അവകാശപ്പെട്ടതാണെന്നും ക്ഷേത്രം പുനര്‍നിര്‍മിച്ച് പുനഃപ്രതിഷ്ഠ നടത്താനും നിത്യപൂജ നടത്താനും അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നിലപാട്. അതേസമയം, തമിഴ്നാടിന്റെ വാദങ്ങള്‍ അനാവശ്യമാണെന്നും ക്ഷേത്രനിര്‍മാണം തടസ്സപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.
പൂജ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടുന്നതില്‍ വനംവകുപ്പിന് എതിര്‍പ്പുണ്ട്. നിലവില്‍ ഒരുദിവസം മാത്രം പൂജ ചെയ്യാനാണ് നിയമം അനുശാസിക്കുന്നതെന്നും കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കണമെങ്കില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും വനംവകുപ്പ് അറിയിച്ചു. എന്നാല്‍ ശബരിമലയില്‍ ഇല്ലാത്ത പ്രശ്നം ഇവിടെയെന്തിനാണെന്നും വകുപ്പുകള്‍ ചേര്‍ന്ന് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്നുമാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.
ഇടുക്കി ജില്ലയിലെ കുമളിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മംഗളദായിനി സങ്കല്‍പ്പത്തിലുള്ള ശ്രീഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. 108 ദുര്‍ഗാലയങ്ങളില്‍ ഉള്‍പ്പെട്ട ക്ഷേത്രമാണിത്. മധുരാപുരി ചുട്ടെരിച്ചശേഷം കണ്ണകി മംഗളാദേവിയിലെത്തിയെന്ന ഐതിഹ്യത്തിലാണ് ക്ഷേത്രം ഉണ്ടായത്
കണ്ണകി ക്ഷേത്രത്തിലേക്ക് വര്‍ഷം മുഴുവന്‍ പ്രവേശനം വേണമെന്നാണ് തമിഴ്നാട്ടിലെ കണ്ണകി ട്രസ്റ്റിന്റെയും വാദം. ഈ ആവശ്യം ഉന്നയിച്ച് ട്രസ്റ്റ് കേരള ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ഇതിനിടെ, മംഗളാദേവി ക്ഷേത്രത്തിലേക്ക് എല്ലാമാസവും പ്രവേശനം അനുവദിക്കണമെന്നും ചിത്രാപൗര്‍ണമി ഉത്സവം മൂന്നുദിവസമായി നടത്തണമെന്നും പ്രവേശന സമയം കൂട്ടണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു.
മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ്. അതിനാല്‍ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ ക്ഷേത്രം തുറക്കാന്‍ കഴിയൂവെന്നും നിലവില്‍ ഒരു ദിവസം മാത്രം പൂജ ചെയ്യാനാണ് നിയമം അനുശാസിക്കുന്നതെന്നും കൂടുതല്‍ ദിവസങ്ങളില്‍ വ്യാപിപ്പിക്കണമെങ്കില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കണ്ണകിക്ഷേത്രം കേരളത്തിന്റെ പട്ടികയില്‍പ്പെടുന്ന ക്ഷേത്രമാണ്. ക്ഷേത്രം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വകുപ്പുമന്ത്രി മുഖാന്തിരം നിവേദനം നല്‍കിയിരുന്നു. കേരള ഹൈക്കോടതിയില്‍ കണ്ണകി ട്രസ്റ്റ് കേസുകൊടുത്തതുതന്നെ ക്ഷേത്രം കേരളത്തിന് അവകാശപ്പെട്ടതാണെന്നതിന് തെളിവാണെന്നും ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തയ്യാറാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലം മുതല്‍ അവകാശം തര്‍ക്കം തുടങ്ങിയത്. മദ്രാസ് പ്രസിഡന്‍സി ക്ഷേത്രത്തിനുമേല്‍ അവകാശം ഉന്നയിച്ചു. ഇതിനെ തിരുവിതാംകൂര്‍ എതിര്‍ത്തു. തുടര്‍ന്ന് 1817-ല്‍ നടന്ന സര്‍വേയില്‍ ക്ഷേത്രവും പരിസരവും പൂര്‍ണമായും തിരുവിതാംകൂറിന്റേതാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിനായി തമിഴ്നാടും അവകാശം ഉന്നയിച്ചതോടെ 1979-ല്‍ വീണ്ടും തര്‍ക്കം തുടങ്ങി. അതിര്‍ത്തി സംഘര്‍ഷമേഖലയായപ്പോള്‍ 1981-ല്‍ വീണ്ടും സര്‍വേ നടത്തി.
ക്ഷേത്രവും മറ്റുമുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമി കേരളത്തിന്റേതാണെന്ന് വീണ്ടും സര്‍വേ റിപ്പോര്‍ട്ട് വന്നു. ക്ഷേത്രത്തിനുവേണ്ടി മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി രംഗത്തുവന്നതോടെ വീണ്ടും വിവാദം ഉയര്‍ന്നു. തമിഴ്നാട്ടില്‍നിന്ന് ആളുകള്‍ വനപാതയിലൂടെ മംഗളാദേവിയിലേക്ക് വരാനും തുടങ്ങി. ഒടുവില്‍ പ്രവേശനം നിരോധിച്ച് ഇരുസംസ്ഥാനങ്ങളില്‍നിന്നുമുള്ള പാതകള്‍ അടക്കുകയായിരുന്നു.