യാത്രികന്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ബൈക്ക് സ്റ്റാര്‍ട്ടാകില്ല. ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളാണു പുതിയ സംവിധാനം വികസിപ്പിച്ചത്.
കോളേജിലെ ടെക് ഫെസ്റ്റ് പ്രഗ്യാന്‍ 2016 ലാണു പുതിയ സംവിധാനം അവതരിപ്പിച്ചത്. കേരളത്തിലെ വാഹനാപകടങ്ങളില്‍ 83 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടാകുന്നതാണ്. ഇതില്‍ 80 ശതമാനവും മദ്യപിച്ച് വാഹനം ഓടിക്കുന്നതുകൊണ്ടും. ഇതിനു പരിഹാരം കാണാനുള്ള പഠനമാണു വിദ്യാര്‍ത്ഥികള്‍ നടത്തിയത്.
ഹെല്‍മെറ്റിനകത്തു രണ്ട് സെന്‍സറുകളും ട്രാന്‍സ്മിറ്ററും ഘടിപ്പിച്ചാണു സംവിധാനം ഒരുക്കിയത്. ബൈക്ക് ഓടിക്കുന്ന വ്യക്തിയുടെ തല ഹെല്‍മറ്റിനകത്തു വെച്ചെന്നു സെന്‍സറുകള്‍ ഉറപ്പുവരുത്തുന്നു.
ഈ സെന്‍സറില്‍ നിന്നുള്ള സിഗ്‌നല്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റിസീവര്‍ സ്വീകരിച്ച് ബൈക്ക് ഓണ്‍ ചെയ്യുന്നു. ഇതേസമയം ഹെല്‍മെറ്റിലുള്ള ആല്‍ക്കഹോള്‍ സെന്‍സര്‍ ബൈക്ക് ഓടിക്കുന്ന വ്യക്തി മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നു. മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഹെല്‍മറ്റില്‍നിന്നു വരുന്ന സിഗ്‌നലിനെ റദ്ദാക്കും.
വാഹനത്തിലിരിക്കുന്ന റിസീവറിനു സിഗ്‌നലുകള്‍ ലഭിക്കാതെ വരുന്നതോടെ ബൈക്ക് ഓഫ് ആകുന്ന തരത്തിലാണു നിര്‍മ്മാണം.
ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കെ.കെ. ബെന്നിയുടെ നേതൃത്വത്തില്‍ അധ്യാപകരായ ഫിജിന്‍ കെ. പോള്‍, നീബ സാബു എന്നിവരുടെ സഹായത്തോടെ വിദ്യാര്‍ഥികളായ ഇ.എസ്. അനല്‍, അലന്‍ ജോണ്‍ ഏബ്രഹാം, കിരണ്‍ വി. കുമാര്‍, കെ.ബി. അനന്ദു, എമില്‍ ഏബ്രഹാം, എബി ജോസ് ജേക്കബ്, പി.ജെ. ശ്രീരാജ് എന്നിവരാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.