മംഗളൂരു വെടിവെയ്പ്: ജുഡീഷ്യല്‍ അന്വേഷണം ഇല്ല; സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കര്‍ണാടക: മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിലുണ്ടായ വെടിവെയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. സിഐഡി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മംഗളൂരു വെടിവെയ്പ്പില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഡിസംബര്‍ 19ന് മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത് പ്രതിഷേധക്കാര്‍ തന്നെയാണെന്നാണ് പൊലീസിന്റെ വാദം. ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി ഇന്നലെ കേസെടുത്തിരുന്നു.

പൗരത്വ പ്രക്ഷോഭത്തിനെത്തിയപ്പോഴല്ല,ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നൗഷീന്‍ മംഗളൂരു പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഇത് തളളിക്കൊണ്ടാണ് കൊല്ലപ്പെട്ട നൗഷീനും ജലീലും പ്രതിഷേധക്കാര്‍ തന്നെയെന്ന് വ്യക്തമാക്കി മംഗളൂരു പൊലീസ്  എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസെടുത്ത കേസില്‍ ജലീല്‍ മൂന്നാം പ്രതിയും നൗഷീന്‍ എട്ടാം പ്രതിയുമാണ്. ആകെ 77 പേര്‍ക്കെതിരെയാണ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും എഫ്ഐആറിലുണ്ട്. രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നഗരത്തില്‍ സംഘടിച്ചതെന്നാണ് പൊലീസ് വാദം. ഏഴായിരത്തോളം പേരാണ് അക്രമം നടത്തിയതെന്നായിരുന്നു നേരത്തെ മംഗളൂരു കമ്മീഷണര്‍ പി എസ് ഹര്‍ഷ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം കനക്കുന്നതിനിടെയാണ് രണ്ടു പേര്‍ പൊലീസ് വെടിയേറ്റു മരിച്ചത്. ജലീല്‍ (49), നൗഷീന്‍ (23) എന്നിവരാണു കൊല്ലപ്പെട്ടത്. ബന്ദറിലെ ബിബി അലവി റോഡിലെ പ്രതിഷേധമാണ് വെടിവയ്പിലേക്കും രണ്ടുപേരുടെ മരണത്തിലേക്കും നയിച്ചത്.

Top