കര്‍ണാടക മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനം; ആഞ്ഞടിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ കര്‍ണാടക സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതിന് പിന്നില്‍ മലയാളികളാണെന്ന കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കര്‍ണാടക ഗവണ്‍മെന്റ് ചെയ്തിട്ടുള്ളത് തെറ്റായ കാര്യമാണ്. ഒരു മന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് ബസവരാജ് ബൊമ്മൈ പറഞ്ഞത്. സത്യപ്രതിജ്ഞ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത് ജനകീയ ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്നും ഭാഷയും ജാതിയും അടിസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മലയാളി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്നും മന്ത്രി പ്രതികരിച്ചു.

നരേന്ദ്ര മോദിയുടെ അടിച്ചമര്‍ത്തല്‍ നയമാണ് പ്രതിഷേധക്കാര്‍ക്ക് എതിരെ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്നായിരുന്നുവെന്നും മലയാളികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നുമാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് രാവിലെ പ്രതികരിച്ചത്.പൊലീസ് സ്റ്റേഷന് തീയിടുമെന്ന് ഘട്ടത്തിലാണ് പൊലീസ് വെടിവെയ്പ്പ് നടത്തിയത് എന്നാണ് കര്‍ണാടക മന്ത്രി പറഞ്ഞിരുന്നത്.

Top