മംഗലൂരു ഓട്ടോ സ്‌ഫോടനം: ഷാരീഖ് ബോംബുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: മംഗലൂരു ഓട്ടോറിക്ഷ സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് അഞ്ചു ദിവസം ആലുവയിൽ തങ്ങിയിരുന്നതായി പൊലീസ്. സെപ്റ്റംബർ 13 മുതൽ 18 വരെയാണ് ആലുവയിലെ ലോഡ്ജിൽ ഇയാൾ താമസിച്ചിരുന്നത്. ആമസോൺ വഴി ഇയാൾ വാങ്ങിയ വസ്തുക്കളുടെ കാര്യത്തിലും ദുരൂഹത തുടരുകയാണ്.

ഫെയ്‌സ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറുമാണ് വാങ്ങിയത്. ആലുവയിൽ താമസിച്ച് ഇത് എന്തിന് വാങ്ങിയെന്നാണ് അന്വേഷിക്കുന്നത്. അതിനിടെ സ്‌ഫോടനം നടക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ഷാരിഖിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ സഞ്ചാരപാത പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൈസൂരുവിൽ നിന്നും രണ്ടും മംഗലൂരു, ബംഗലൂരു എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരെയുമാണ് കസ്റ്റഡിയിൽ എടുത്തത്. തമിഴ്‌നാട്ടിലെ ഉദഗമണ്ഡലത്തിൽ നിന്നാണ് മറ്റൊരാളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പൊലീസ് കസ്റ്റഡിയിലുള്ള ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് ആണ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബോംബ് ഘടിപ്പിച്ച പ്രഷർ കുക്കറുമായി ഓട്ടോയിൽ പോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഷാരിഖിനും ഓട്ടോ ഡ്രൈവർ പുരുഷോത്തമിനും പരിക്കേറ്റു. 45 ശതമാനം പൊള്ളലേറ്റ മുഹമ്മദ് ഷാരിഖ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിന് കേരളവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top