കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി എ.എം.എ.പി സ്‌കൂള്‍ അടച്ചുപൂട്ടി. രാവിലെ ഏഴോടെ സ്‌കൂളിലെത്തിയ കൊണ്ടോട്ടി എ.ഇ.ഒ ആഷിഷ് പുളിക്കലിന്റെ നേതൃത്വത്തിലാണ് അടച്ചുപൂട്ടല്‍ നടപടി പൂര്‍ത്തിയാക്കിയത്. പ്രധാന ഓഫീസിന്റെ പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ ഉള്ളില്‍ കടന്നത്. രേഖകള്‍ എടുത്ത ശേഷം ഓഫീസ് പൂട്ടി എ.ഇ.ഒ സീല്‍ ചെയ്യുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചത്.
സ്‌കൂള്‍ അടച്ചു പൂട്ടുന്നത് തടയാന്‍ നാട്ടുകാരും എസ്.എഫ്.ഐ പ്രവര്‍ത്തകരും ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. പ്രതിഷേധക്കാരെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസ് സംഘം നീക്കം ചെയ്തു. കഴിഞ്ഞ മെയ് 29ന് മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ എ.ഇ.ഒ എത്തിയെങ്കിലും നാട്ടുകാരും പി.ടി.എയും അധ്യാപക സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപോയിരുന്നു.
പുതിയതായി പ്രവേശം നേടിയ 19 കുട്ടികളടക്കം 66 കുട്ടികള്‍ പഠിക്കുന്ന മങ്ങാട്ടുമുറി എ.എം.എ.പി സ്‌കൂള്‍ 1930ലാണ് സ്ഥാപിച്ചത്. ലാഭകരമല്ലെന്ന പേരില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ 2009ലാണ് മാനേജര്‍ നടപടി തുടങ്ങിയത്.
2011ല്‍ മാനേജര്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടായി. ഈ വിധി മേല്‍കോടതി സ്റ്റേ ചെയ്തതോടെ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.