മാംഗോ മൊബൈല്‍ ഉത്ഘാടനം; പി.ടി തോമസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുട്ടില്‍ മരംമുറി കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാംഗോ മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചെന്നും ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് മാംഗോ മൊബൈല്‍ ഉടമ അറസ്റ്റിലായെന്നുമുള്ള പിടി തോമസ് എംഎല്‍എയുടെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

‘മാംഗോ ഫോണ്‍ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു എന്ന് പി.ടി. തോമസ് കഴിഞ്ഞ ദിവസം പരാമര്‍ശം സഭയില്‍ നടത്തി. എന്റെ മേല്‍വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ എന്നതാവും ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്ക്. മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പി.ടി. തോമസ് ഇതു പറഞ്ഞതെങ്കിലും അറസ്റ്റിലാവേണ്ട തരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ താന്‍ പോയി എന്ന പ്രതീതായാണുണ്ടായത്.

ഇത് സത്യമല്ല. 2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പി.ടി. തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല’.- മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു.

തട്ടിപ്പുകാരുടെ സ്വാധീനത്തില്‍ നില്‍ക്കുന്നത് ഞാനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഏറ്റത് ഞാനല്ല. ഈ മുഖ്യമന്ത്രിയല്ല. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി.ടി. തോമസ് കണ്ടുപിടിക്കട്ടെയെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പിടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top