തിരുവനന്തപുരം: പാലാ നിയോജക മണ്ഡലത്തെ ചൊല്ലി എന്‍സിപി പിളര്‍പ്പിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം പാലാ എംഎല്‍എ മാണി സി കാപ്പനും മന്ത്രി എകെ ശശീന്ദ്രനും പ്രത്യേകം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുനയനീക്കവുമായി ഇരുവരുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. മുന്നണിയില്‍ ഒരുമിച്ച് പോകണമെന്ന് ഇരുവരോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പ്രത്യേകം യോഗം ചേര്‍ന്നത്.
കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വേണ്ടി പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ചു. നിലവില്‍ സീറ്റ് ചര്‍ച്ചകളൊന്നും ഇടത് മുന്നണിയില്‍ നടന്നിട്ടില്ലെന്നും പുതിയ പാര്‍ട്ടികള്‍ കൂടി വന്ന സ്ഥിതിക്ക് കഴിഞ്ഞ തവണത്തേത് പോലെ നാല് സീറ്റ് എന്നതില്‍ ഉറച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്നും പാലാ സീറ്റ് സംബന്ധിച്ച് ഉറപ്പൊന്നും പറയാന്‍ സാധിക്കില്ലെന്നും ശശീന്ദ്രന്‍ നിലപാടെടുത്തു.
ഇതോടൊപ്പം താന്‍ ഇടത് മുന്നണി വിടാനില്ലെന്നും ശശീന്ദ്രനും നിലപാടെയുത്തതോടെയാണ് ചര്‍ച്ച പരാജയമായത്. അതേ സമയം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നതില്‍ സന്തോഷമുണ്ടെന്ന് പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു.
പാലായ്ക്ക് പകരം മറ്റൊരു സീറ്റെന്ന ചര്‍ച്ചയില്ല. ജോസ് കെ മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാല്‍ സീറ്റ് വിട്ടു കൊടുക്കാനാകില്ല. പാലാ സീറ്റില്‍ ജോസ് കെ മാണി അവകാശം ഉന്നയിച്ചപ്പോള്‍ സിപിഎം പ്രതികരിച്ചില്ല. അതിനെന്തു ന്യായീകരണം ആണുള്ളത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവറുമായും സീതാറാം യെച്ചൂരിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.