കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് നിലപാടുകള്‍ക്കും മൂല്യങ്ങള്‍ക്കുമാണ് എപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത്. ഇതില്‍ നിന്നും വ്യതിചലിച്ചാല്‍ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളും ചെങ്കൊടിയെ കൈവിടും. ഒരു മുന്നണി എന്ന നിലയില്‍ ഇടതുപക്ഷ മുന്നണിയില്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിരിക്കാം, എന്നാല്‍ അവരുടെ തനി സ്വഭാവം മുന്നണിയിലിരുന്ന് കാണിക്കാന്‍ അനുവദിക്കാന്‍ പാടുള്ളതല്ല. ഇവിടെ എന്‍.സി.പി എന്ന ഘടകക്ഷി പിണറായി സര്‍ക്കാറിന്റെ തുടക്കം മുതല്‍ തന്നെ ആ മുന്നണിക്ക് ബാധ്യതയാണ്. ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും വിജയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയെ മുന്നണിയിലെടുത്തത് തന്നെ വലിയ പിഴവാണ്. നിലവില്‍ മൂന്ന് എം.എല്‍.എമാരാണ് എന്‍.സി.പിക്ക് കേരളത്തിലുള്ളത്. അതില്‍ ഒരാള്‍ മന്ത്രിയുമാണ്.
എന്‍.സി.പിയുടെ ഈ മൂന്ന് ജനപ്രതിനിധികളും പിണറായി സര്‍ക്കാറിന് ഉണ്ടാക്കിയ മാനക്കേട് ചില്ലറയൊന്നുമല്ല. ആദ്യം പിണറായി മന്ത്രിസഭയില്‍ അംഗമായ എന്‍.സി.പി അംഗം എ.കെ ശശീന്ദ്രന് ഫോണ്‍ കെണി വിവാദത്തില്‍പ്പെട്ടാണ് പുറത്ത് പോകേണ്ടി വന്നത്. ഒരു മന്ത്രിയില്‍ നിന്നും പ്രത്യേകിച്ച് ഇടതു മന്ത്രിസഭയിലെ മന്ത്രിയില്‍ നിന്നും ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത സംഭാഷണങ്ങളാണ് അന്ന് കേള്‍ക്കേണ്ടി വന്നിരുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് രാജിവച്ച എ.കെ ശശീന്ദ്രന്റെ പിന്‍ഗാമിയായി മന്ത്രിയായ എന്‍.സി.പി നേതാവ് തോമസ് ചാണ്ടിക്ക് പുറത്ത് പോകേണ്ടി വന്നതാകട്ടെ ഭൂമി കയ്യേറ്റത്തില്‍പ്പെട്ടായിരുന്നു.
എ.കെ ശശീന്ദ്രനെതിരെ ഫോണ്‍ കെണി വിവാദത്തിലെ പരാതിക്കാരി നിയമ നടപടിയുമായി മുന്നോട്ട് പോകാതിരുന്നതിനാല്‍ പകരം വീണ്ടും അദ്ദേഹത്തിന് മന്ത്രിയാകാനും കഴിഞ്ഞു. ഇപ്പോഴാകട്ടെ മറ്റൊരു എന്‍.സി.പി നേതാവ് മാണി സി കാപ്പന് പാലാ സീറ്റ് വിട്ട് നല്‍കിയും സി.പി.എം വിജയിപ്പിച്ചിരിക്കുകയാണ്. മാണി സി കാപ്പന്റെ വിജയത്തിനു വേണ്ടി കഷ്ടപ്പെട്ട് വിയര്‍പ്പൊഴുക്കിയ സി.പി.എം പ്രവര്‍ത്തകരെ പോലും നാണം കെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുംബൈ വ്യവസായിയായ ദിനേശ് മേനോന്‍ ഗുരുതരമായ ആരോപണമാണ് പാലാ എം.എല്‍.എക്ക് എതിരെ ഉന്നയിച്ചിരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് കാപ്പന്‍ തന്റെ മകനില്‍ നിന്നും മൂന്ന് കോടി രൂപയും തന്റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപയും വാങ്ങുകയായിരുന്നുവെന്നാണ് ദിനേശ് മേനോന്റെ ആരോപണം. ഇതിന് ശേഷം തിരുവനന്തപുരത്ത് നടന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതിന്റെ യാതൊരു വിവരവുമില്ലാതായതോടെ മാണി സി. കാപ്പനെ ബന്ധപ്പെട്ടെങ്കിലും വിമാനത്താവളത്തിന്റെ ഓഹരി പങ്കാളിത്തം നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നുവത്രെ. ഇതിനെ തുടര്‍ന്ന് കാപ്പനോട് പണം തിരികെ ചോദിച്ചെങ്കിലും അത് പല വഴിക്ക് ചെലവായെന്നായിരുന്നു മറുപടിയെന്നാണ് ദിനേശ് മേനോന്‍ പറയുന്നത്.
നിരന്തരമായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയിരുന്നത്. പണം തിരികെ ലഭിക്കുന്നതിനായി സി.ബിഐ.ക്ക് കേസ് നല്‍കിയതോടെ 3.25 കോടി രൂപയുടെ നാല് ചെക്കും കുമരകത്തെ അദ്ദേഹത്തിന്റെ സ്ഥലവും ഈടായി നല്‍കുകയുണ്ടായി. എന്നാല്‍ നാല് ചെക്കുകളും മടങ്ങിയതോടെ മുംബൈ ബോറിവില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായെന്നും ദിനേശ് മേനോന്‍ ചൂണ്ടിക്കാട്ടി. ഇതിന് ശേഷം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഈ സ്ഥലമുപയോഗിച്ച് കാപ്പന്‍ 75 ലക്ഷം രൂപയുടെ മൂന്ന് ലോണ്‍ എടുത്തതായി അറിഞ്ഞെന്നും അതോടെ ആ വഴിയും അടയുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
ദിനേശ് മേനോന്റെ ഈ വെളിപ്പെടുത്തലുകളെ കേവലം ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രം കാണാന്‍ സാധിക്കുന്നതല്ല. കാരണം മാണി സി കാപ്പന് ഈ വ്യവസായിയുമായി ‘പണമിടപാടുകള്‍ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമാണ്. ഇതു സംബന്ധമായ കേസുകളും നിലവില്‍ കോടതികളിലുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാതെ മാണി സി കാപ്പനെ ഇടതുപക്ഷം പിന്തുണച്ചത് ശരിയായ നടപടിയല്ല. എന്‍.സി.പിക്ക് വിട്ടു നല്‍കിയ സീറ്റില്‍ ആരെ മത്സരിപ്പിക്കണമെന്ന് എന്‍.സി.പിയാണ് തീരുമാനിക്കുക എന്ന വാദത്തോടും ഈ ഘട്ടത്തില്‍ യോജിക്കാന്‍ കഴിയുകയില്ല. ഒരു സ്വാധീനവും കേരളത്തിലില്ലാത്ത ഈ ഈര്‍ക്കിള്‍ പാര്‍ട്ടിക്ക് അര്‍ഹതയില്ലാത്ത പരിഗണനയാണ് സിപിഎം നല്‍കി വരുന്നത്.
പാലായിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്ത് നിന്ന് ആരെ നിര്‍ത്തിയാലും ജയിപ്പിക്കാന്‍ കഴിയുമായിരുന്നു. അത് ചെയ്യാതിരുന്നതിനാണ് ഇപ്പോള്‍ ഈ അപമാനം സഹിക്കേണ്ടി വരുന്നത്. മാത്രമല്ല വ്യവസായി പറയുന്നത് ശരിയാണെങ്കില്‍ ഒരു കേസ് മാണി സി കാപ്പന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ നിന്നും മറച്ച് വച്ചിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ഈ വിജയം തന്നെ അസാധു ആകാനുള്ള സാധ്യതയും കൂടുതലാണ്. ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. 54 വര്‍ഷം കെ.എം മാണി കുത്തകയാക്കിവച്ച മണ്ഡലം പിടിച്ചെടുത്ത ചരിത്രം തകരുന്നത് ചെമ്പടയെ സംബന്ധിച്ച് ഒരിക്കലും ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യം തന്നെയാണ്.
വ്യവസായി ദിനേശ് മേനോന്റെ ആരോപണം ഏറ്റ് പിടിച്ച് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റും വലിയ വിവാദത്തിനാണിപ്പോള്‍ തിരി കൊളുത്തിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ മാണി സി കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയതായി പറയുന്ന മൊഴിയും ഞെട്ടിക്കുന്നതാണ്. താന്‍ കോടിയേരിക്കും മകനും പണം നല്‍കിയിട്ടില്ലന്ന കാര്യം വ്യവസായി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ഈ മൊഴിക്ക് പിന്നാലെ താല്‍പ്പര്യം എന്ത് തന്നെയായാലും അത് ഉടന്‍ പുറത്ത് വരേണ്ടതുണ്ട്.
സി.ബി.ഐക്ക് ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലന്ന കാപ്പന്റെ വാദം ശരിയാണെങ്കില്‍ വ്യവസായിക്കെതിരെ ഉടന്‍ കേസ് കൊടുക്കണം. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുകയാണ് ഇടതുപക്ഷ നേതാക്കളും ചെയ്യേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ പേരില്‍ ഒരു മൊഴിപകര്‍പ്പ് പുറത്ത് വിട്ടാല്‍ അത് ജാമ്യമില്ലാത്ത കുറ്റമാണ്.
അതേസമയം, തനിക്ക് സി.ബി.ഐയില്‍ നിന്നും ലഭിച്ച രേഖയാണ് ഇതെന്നും കേസ് നടക്കുന്ന കോടതികളില്‍ മൊഴിപ്പകര്‍പ്പ് ഹാജരാക്കുമെന്നുമാണ് വ്യവസായി ഇപ്പോഴും പറയുന്നത്. പുറത്ത് വന്ന രേഖ കള്ളമാണെന്ന നിലപാടുമായി സി.ബി.ഐയും ഇതുവരെ രംഗത്ത് വന്നിട്ടില്ലന്നതും ശ്രദ്ധേയമാണ്.ഇതാണ് വെളിപ്പെടുത്തല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്.
മൊഴി ഒറിജിനലാണെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയെയും മകനെയും എന്തിന് വലിച്ചിഴച്ചു എന്നതിന് മാണി സി കാപ്പന്‍ മറുപടി പറഞ്ഞേ പറ്റൂ. താന്‍ കോടിയേരിക്ക് പണം നല്‍കിയിട്ടില്ലന്ന് വ്യവസായി തന്നെ പറഞ്ഞ സ്ഥിതിക്ക് ഇതിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരേണ്ടത് അനിവാര്യമാണ്.
സി.ബി.ഐക്ക് കേസ് അന്വേഷിക്കാന്‍ കോടതിയുടെയോ സര്‍ക്കാറിന്റെയോ അനുമതി വേണമെന്ന മാണി സി കാപ്പന്റെ വാദവും ശരിയല്ല.കാരണം ആരോപണം ഉയര്‍ന്നത് കണ്ണുര്‍ വിമാനതാവളത്തിന്റെ ഷെയര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഏത് സ്ഥാപനത്തിലും , ഉദ്യോഗസ്ഥരിലും അഴിമതി ആക്ഷേപം ഉയര്‍ന്നാല്‍ സി.ബി.ഐക്ക് നേരിട്ട് അന്വേഷിക്കാവുന്നതാണ്. ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക യൂണിറ്റുകള്‍ തന്നെ സി.ബി.ഐക്കുണ്ട്.ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്നതിനാണ് സി.ബി.ഐക്ക് സര്‍ക്കാറുകളുടെയും കോടതികളുടെയുമെല്ലാം ഉത്തരവ് ആവശ്യമായിട്ടുള്ളത്.
മാത്രമല്ല, തന്നെ വ്യവസായിയുടെ പരാതിയില്‍ ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ വിളിച്ചതായ കാര്യം മാണി സി കാപ്പനും സമ്മതിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതോടെ അന്വേഷണം നിലച്ചു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അക്കാലത്ത് ഡല്‍ഹിയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ശരദ് പവാര്‍ എന്ന നേതാവിന്റെ വലം കയ്യായ മാണി സി കാപ്പന്‍ സി.ബി.ഐ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കുക സ്വാഭാവികമാണ്. എന്നാല്‍ അതോടെ അന്വേഷണം നിലച്ചു എന്ന വാദത്തിലാണ് വ്യക്തത വരേണ്ടത്.
ഇക്കാര്യത്തില്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യാഥാര്‍ത്ഥ്യം പുറത്ത് വരണം. അത് ഇനി മാണി സി കാപ്പന്റെ കൂടി ചുമതലയാണ്. അതിനു തയ്യാറല്ലങ്കില്‍ പാലായില്‍ നിങ്ങളുടെ വിജയത്തിനായി പാലമിട്ട ഇടതുപക്ഷത്തിന്റെ പാലം മറ്റു മണ്ഡലങ്ങളില്‍ ഇളക്കുന്ന ഏര്‍പ്പാടായി മാറുമത്.
Political Reporter