കൊച്ചി: മാണി സി കാപ്പനെ ഇടത് മുന്നണി പറ്റിച്ചെന്ന് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമം നടത്തിയതെന്നും ഇത് തിരിച്ചറിഞ്ഞ് കാപ്പന്‍ നടപടി എടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാപ്പനുമായി നേരത്തെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
മാണി സി കാപ്പനെയും എന്‍സിപിയെയും എല്‍ഡിഎഫ് വഞ്ചിച്ചുവെന്ന് പറഞ്ഞ ചെന്നിത്തല ജയിച്ച സീറ്റ് തോറ്റ ആള്‍ക്ക് വിട്ട് നല്‍കണമെന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് ചോദിച്ചു. പാലായില്‍ എല്‍ഡിഎഫിന്റെ മാത്രം മികവ് അല്ല, കാപ്പന്റെ വ്യക്തി സ്വാധീനവും നിര്‍ണായകമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
നിയമന വിവാദത്തില്‍ ഡിവൈഎഫ്‌ഐക്കെതിരെയും ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ വിലാസം സംഘടനയായി മാറിയെന്നും മോദിയുടേയും പിണറായിയുടെയും ഒരേ സമീപനമാണെന്നും ചെന്നിത്തല ആരോപിച്ചു. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ മോദി തയ്യാറാകുന്നില്ലെന്നും സമാനമായ രീതിയില്‍ പിഎസ്‌സി പ്രശ്‌നം പിറണായിയും ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഡിവൈഎഫ്‌ഐ ചര്‍ച്ച നടത്തിയത് കുറ്റബോധം കൊണ്ടാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.