കോട്ടയം: പാലായില്ലെങ്കില്‍ മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍. ശരത്പവാറുമായി നാളെ കൂടികാഴ്ച നടത്തുമെന്നും വെള്ളിയാഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ വിട്ടു കൊടുക്കില്ല, ദേശീയ നേതൃത്വം എനിയ്ക്ക് അനുകൂലമായിരിക്കും. സിപിഐഎം മുന്നണി മര്യാദ കാണിച്ചില്ല. മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങള്‍ വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാണി സി കാപ്പനെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന്‍ ഉറച്ചു നിന്നു. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്ററും രംഗത്തെത്തി.
വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പന്‍ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു. ഡല്‍ഹിയില്‍ ശരദ് പവാറുമായി മാണി സി. കാപ്പന്‍ കൂടിക്കാഴ്ച നടത്താനിരിക്കെ പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എല്‍ഡിഎഫ് എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചു. മാണി സി. കാപ്പനോട് കുട്ടനാട് സീറ്റില്‍ മത്സരിക്കാനും എല്‍ഡിഎഫ് നിര്‍ദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എന്‍സിപിക്ക് നല്‍കാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണമെത്തിയത്.