എന്‍സിപിയില്‍ പിളര്‍പ്പ്; മാണി സി കാപ്പന്‍ വിഭാഗം ഇനി യു ഡി എഫില്‍

കോട്ടയം:മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. പാലായില്‍ നാളെ കരുത്ത് തെളിയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

തന്നോടൊപ്പമുള്ള എന്‍സിപി നേതാക്കളും യുഡിഎഫില്‍ ചേരും. ഒന്‍പത് സംസ്ഥാന ഭാരവാഹികള്‍, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്റെ കൂടെ ഉണ്ടാകും. കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കില്ല. പാലായിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പിന്തുണയും തനിക്കാണെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ശരദ് പവാറും പ്രഫുല്‍ പട്ടേലും ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ തീരുമാനം ഉണ്ടാകും. എന്‍സിപി കേന്ദ്ര നേതൃത്വം കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.

അതേസമയം, മാണി സി കാപ്പനെ ഇടത് മുന്നണി പറ്റിച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമം നടത്തിയതെന്നും ഇത് തിരിച്ചറിഞ്ഞ് കാപ്പന്‍ നടപടി എടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാപ്പനുമായി നേരത്തെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 

Top