യെച്ചൂരി, പവാറിനെ പോയി കണ്ടതും ‘ചരിത്രപരമായ മണ്ടത്തരം’ തന്നെ . . .

പാലാ മണ്ഡലത്തെ തറവാട്ട് സ്വത്തായാണ് മാണി സി കാപ്പൻ കരുതുന്നതെങ്കിൽ അതിന് ശക്തമായ മറുപടി നൽകേണ്ട ബാധ്യത, പാലായിലെ ഓരോ വോട്ടർമാർക്കുമുണ്ട്. പാലായില്ലങ്കിൽ ജയ സാധ്യതയുള്ള ഒരു സീറ്റും രാജ്യസഭ സീറ്റും വേണമെന്ന എൻ.സി.പിയുടെ ആവശ്യവും യുക്തിക്ക് നിരക്കാത്തതാണ്. അതിമോഹം തന്നെയാണിത്. കേരളത്തിൽ സീറ്റുകൾ ആവശ്യപ്പെടുന്നതിന് മുൻപ് സ്വന്തം പാർട്ടിയുടെ ശക്തി എന്താണെന്നത്‌ ശരദ് പവാറും മനസ്സിലാക്കുന്നത് നല്ലതാണ്. മഹാരാഷ്ട്രയിൽ അർഹതപ്പെട്ട സീറ്റുകൾ പോലും നിഷേധിച്ച ഈ പവാറിൻ്റെ വസതിയിലെ യോഗത്തിലേക്ക് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയതും ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല.  ലക്ഷക്കണക്കിന് വരുന്ന സി.പി.എം പ്രവർത്തകരെ  വേദനിപ്പിക്കുന്ന നടപടിയാണിത്.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ അവഗണിച്ച പാർട്ടിയാണ് എൻ.സി.പി. ശരദ് പവാർ വിചാരിച്ചിരുന്നു എങ്കിൽ തീർച്ചയായും ഏതാനും സീറ്റുകൾ വിട്ടുനൽകാൻ കഴിയുമായിരുന്നു. എന്നാൽ, അതുണ്ടായിട്ടില്ല. അവിടെ ഒറ്റ സീറ്റിൽ മാത്രമാണ് സി.പി.എം വിജയിച്ചിട്ടുള്ളത്. മറാത്ത മണ്ണിൽ എൻ.സി.പിയും കോൺഗ്രസ്സും നേടിയ സീറ്റുകൾക്ക് പിന്നിൽ പോലും  ചുവപ്പിൻ്റെ മഹത്തായ പോരാട്ടമാണുള്ളത്. രാജ്യത്തെ തന്നെ ഞെട്ടിച്ച കർഷകരുടെ ഐതിഹാസിക ലോങ് മാർച്ച് സംഘടിപ്പിച്ചത്  സി.പി.എം കർഷക സംഘടനയായ കിസാൻ സഭയാണ്. പതിനായിരങ്ങളാണ് ചോര പൊടിയുന്ന കാൽപാദങ്ങളുമായി നാസിക്കിൽ നിന്നും മുംബൈയിലേക്ക് മാർച്ച് നടത്തിയിരുന്നത്. ജനങ്ങളെ ഏറെ സ്വാധീനിച്ച ഈ പ്രക്ഷോഭം തിരഞ്ഞെടുപ്പിൽ എൻ.സി.പിക്കും കോൺഗ്രസ്സിനുമാണ് ഗുണമായി മാറിയത്. ”ചെങ്കൊടി വിതച്ചതാണ് അവർ കൊയ്തിരിക്കുന്നത്”. സി.പി.എമ്മിന് മഹാരാഷ്ട്രയിലുള്ള സംഘടനാപരമായ പരിമിതിയാണ് മറ്റു പ്രതിപക്ഷ പാർട്ടികൾ നേട്ടമാക്കി മാറ്റിയിരുന്നത്.

ഭരണ വിരുദ്ധ വികാരമുണ്ടാക്കുന്നതിൽ കർഷക മാർച്ച് കാരണമായതായി ബി.ജെ.പി തന്നെ വിലയിരുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കൂടുതൽ സീറ്റുകൾ ലഭിക്കാൻ ഈ ശരദ് പവാറുമായി സീതാറാം യെച്ചൂരി നേരിട്ട് ചർച്ച നടത്തിയിട്ടും പവാർ വഴങ്ങിയിരുന്നില്ല. ഇങ്ങനെ പെരുമാറിയ ഒരാളുടെ വീട്ടിൽ ചർച്ചക്ക് പോകേണ്ട ഒരു കാര്യവും യെച്ചൂരിക്കില്ലായിരുന്നു. പ്രധാനമന്ത്രിമാരെ പോലും വിറപ്പിച്ച് നിർത്തിയ ഹർകിഷൻ സിംങ്ങ് സുർജിത്ത് എന്ന സി.പി.എം ജനറൽ സെക്രട്ടറിയെയാണ് ഇവിടെ യെച്ചൂരി ഓർക്കാതെ പോയിരിക്കുന്നത്.

 

എൻ.സി.പി എന്ന രാഷ്ട്രീയ പാർട്ടി കേരള രാഷ്ട്രീയത്തിൽ വലിയ ഒരു പൂജ്യമാണ്. ആവശ്യമില്ലാത്ത ഒരു പരിഗണനയും ആ പാർട്ടിക്കോ നേതാക്കൾക്കോ നൽകരുത്. കേരളത്തിൽ നിലവിൽ അവരുടെ കൈവശമുള്ള സീറ്റുകളും മന്ത്രി പദവിയും സി.പി.എമ്മിൻ്റെ കരുണ കൊണ്ട് മാത്രം ലഭിച്ചതാണ്. ഈ ബോധം പവാറിനില്ലങ്കിലും സി.പി.എം ജനറൽ സെക്രട്ടറിക്ക് ശരിക്കും ഉണ്ടാകണം. മുന്നണി മര്യാദ എന്നത് ഒരു പാർട്ടി മാത്രം പാലിക്കേണ്ട കാര്യമല്ല തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനത്ത് എൻ.സി.പി അതിന് തയ്യാറായില്ലങ്കിൽ സി.പി.എമ്മും സമാന നിലപാട് തന്നെയാണ് തിരിച്ചും സ്വീകരിക്കേണ്ടത്. പാലാ സീറ്റിനു വേണ്ടി വാശി പിടിക്കുന്ന മാണി സി കാപ്പൻ സ്വന്തം വാർഡിൽ പോലും ഒറ്റക്ക് നിന്നാൽ ജയിക്കില്ലന്നതും നേതൃത്വം തിരിച്ചറിയണം.

മധ്യ തിരുവതാം കൂറിലെ പ്രധാന ശക്തിയായ ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടത് തന്നെയാണ് പാലാ സീറ്റ്. അവിടെ, വൈകാരികമായ അടുപ്പം മാത്രമല്ല അവർക്ക് സ്വാധീനം കൂടി ഉള്ള മണ്ഡലമാണ്. മാണി സി കാപ്പന് മറ്റൊരു സീറ്റ് നൽകാമെന്ന് പറഞ്ഞിട്ട് കൂടി എൻ.സി.പി വഴങ്ങാത്തത് ധിക്കാരപരമായ സമീപനമാണ്. പവാറിനോട് മാണി സി കാപ്പന് ഒരു പക്ഷേ, വിലപേശാൻ പറ്റും,  അതിന് ചിലപ്പോൾ മറ്റു പല കാരണങ്ങളും ഉണ്ടായെന്നും വരാം. എന്നാൽ സി.പി.എമ്മിനോട് വിലപേശാൻ എന്ത് അർഹതയാണ് കാപ്പനുള്ളത്?. പാലാക്ക് പകരം ഉറച്ച മറ്റൊരു സീറ്റ് വേണമെന്ന എൻ.സി.പിയുടെ ആവശ്യവും  ധിക്കാരപരമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.സി.പി മത്സരിച്ച് ജയിച്ച എലത്തൂർ, കുട്ടനാട്, പാലാ മണ്ഡലങ്ങളിൽ, ഏറ്റവും വലിയ രാഷ്ട്രിയപാർട്ടി സി പി.എമ്മാണ്.

 

ഈ മണ്ഡലങ്ങളിൽ ഒറ്റക്ക് നിന്നാൽ ഒരു വാർഡിൽ പോലും ജയിക്കാനുള്ള ശേഷി എൻ.സി.പിക്കില്ല.  എലത്തൂർ മണ്ഡലം ഏത് രാഷ്ട്രീയ സാഹചര്യത്തിലും സി.പി.എമ്മിനെ കൈവിടാത്ത ഉറച്ച കോട്ടകൂടിയാണ്. ഇവിടെ ഇത്തവണയെങ്കിലും പാർട്ടി ചിഹ്നത്തിന് വോട്ട് ചെയ്യാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് സി.പി.എം പ്രവർത്തകരുള്ളത്. ഈ പ്രതീക്ഷയും സി.പി.എം നേതൃത്വം കാണാതെ പോകരുത്. തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാൽ ഒരു യുദ്ധം തന്നെയാണ്. അവിടെ കാഴ്ചക്കാർക്ക് ഒരു റോളുമില്ല. കാഴ്ചക്കാർക്ക് വേണ്ടി പടവെട്ടുക എന്നതും ശരിയായ കാര്യമല്ല. കേരളത്തിൽ എൻ.സി.പി എന്ന പാർട്ടിയും അതിൻ്റെ നേതാക്കളും വെറും കാഴ്ചക്കാർ മാത്രമാണ്. അവർക്ക് വേണ്ടി പടവെട്ടി മന്ത്രി പദവി നൽകുന്നത് തന്നെ ആവശ്യമില്ലാത്ത കാര്യമാണ്. കഴിഞ്ഞ തവണ എൻ.സി.പി മത്സരിച്ച നാലു മണ്ഡലങ്ങളിൽ മൂന്നിലും കോടീശ്വരൻമാരാണ് മത്സരിച്ചത്.

കോട്ടക്കലിൽ മത്സരിച്ച വ്യവസായിക്കെതിരെ എൻ.സി.പിയിലെ ഒരു വിഭാഗം തന്നെയാണ് രംഗത്ത് വന്നിരുന്നത്. പേയ്മെൻ്റ് സീറ്റ് എന്ന് പരസ്യമായി ആക്ഷേപിച്ചതും എൻ.സി.പിയുടെ യുവജന നേതാവാണ്. ഇതൊന്നും തന്നെ കേരള ജനത മറന്നിട്ടില്ല. എൻ.സി.പി നേതാക്കൾക്ക് കച്ചവടത്തിനായി സീറ്റുകൾ വിട്ടു നൽകണമോ എന്നത് ഇനിയെങ്കിലും സി.പി.എം നേതൃത്വമാണ് ആലോചിക്കേണ്ടത്. എൻ.സി.പി ഇല്ലങ്കിൽ ഒരു ചുക്കും ഇവിടെ സംഭവിക്കാൻ പോകുന്നില്ല. കാപ്പന് സീറ്റ് കൊടുക്കും എന്നതിന് അപ്പുറം യു.ഡി.എഫും അവരെ പരിഗണിക്കാൻ സാധ്യതയില്ല. ഈ യാഥാർത്ഥ്യം കൂടി മനസ്സിലാക്കി യുക്തമായ തീരുമാനം സ്വീകരിക്കാനാണ് സി.പി.എം തയ്യാറാകേണ്ടത്.

ജോസ് കെ മാണി വിഭാഗത്തെ പോലെ, അണികളുള്ള പടയെയാണ് യുദ്ധം ജയിക്കാൻ ആവശ്യമായിട്ടുള്ളത്. അതല്ലാതെ, എൻ.സി.പിയെ പോലെ ആളില്ലാ പടയെ അല്ല വേണ്ടത്. ഇക്കാര്യം യെച്ചൂരിയും ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. ഇത് കേരളമാണ്‌,  പ്രബുദ്ധരായ കേരള ജനതക്ക് പാർട്ടികളെ കുറിച്ചും അവരുടെ ശക്തിയെ കുറിച്ചും നല്ല ബോധ്യമാണുള്ളത്. ആ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് അവർ ഇത്തവണയും വോട്ടു ചെയ്യാൻ പോകുന്നത്.

യു.ഡി.എഫ് നേതൃത്വവുമായി ചർച്ച നടത്തിയ മാണി സി കാപ്പൻ അഥവാ ഇനി ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചാൽ പോലും  അദ്ദേഹത്തിന് സി.പി.എം അണികൾ വോട്ടു ചെയ്യുമോ എന്ന കാര്യവും കണ്ടു തന്നെയാണ് അറിയേണ്ടത്. സ്ഥാനാർത്ഥിയാക്കാൻ ഏത് നേതൃത്വത്തിനും കഴിയും പക്ഷേ അവസരവാദികളെ വിജയിപ്പിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി അണികളാണ്. അക്കാര്യവും ഓർക്കുന്നത് നല്ലതായിരിക്കും.

Top