കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ സീറ്റ് സിപിഐക്ക് നല്‍കിയുള്ള സിപിഎം ഫോര്‍മുല സിപിഐ അംഗീകരിച്ചേക്കും. സിറ്റിങ് സീറ്റായതിനാല്‍ കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് തന്നെ നല്‍കാന്‍ സിപിഎം തത്വത്തില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
കാഞ്ഞിരപ്പള്ളിക്ക് പകരം ജില്ലയിലെ പല സീറ്റുകള്‍ പരിഗണിച്ചെങ്കിലും ഏറ്റവും ഒടുവില്‍ പൂഞ്ഞാര്‍ സിപിഐക്ക് വിട്ടു നല്‍കാനാണ് സിപിഎമ്മില്‍ ധാരണയായിരിക്കുന്നത്. ജോസ്.കെ മാണിയുടെ വരവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തെന്ന എല്‍ഡിഎഫ് വിലയിരുത്തലാണ് കാര്യങ്ങള്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ അനുകൂലമാക്കിയത്.
എന്‍സിപിയുടെ സിറ്റിങ് സീറ്റായ പാലാ ജോസ് വിഭാഗത്തിന് തന്നെ ലഭിക്കും. അവിടെ രാജ്യസഭാംഗത്വം രാജിവച്ചെത്തുന്ന ജോസ്.കെ മാണി തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് എല്ലാ സാധ്യതയും. ഇതോടെ എന്‍സിപി പൂര്‍ണമായോ ഭാഗികമായി മുന്നണി വിടാനും പിരിഞ്ഞുപോകുന്ന വിഭാഗം യുഡിഎഫിലെത്താനും വഴിയൊരുങ്ങി. ജോസ് രാജിവെക്കുന്ന രാജ്യസഭാ സീറ്റ് പകരം നല്‍കാമെന്ന വാഗ്ദാനം മാണി സി. കാപ്പന്‍ സ്വീകരിച്ചിട്ടില്ല. പാലാ അല്ലാതെ മറ്റൊരു സീറ്റെന്ന നിര്‍ദേശവും അദ്ദേഹം അംഗീകരിച്ചിട്ടില്ല.