മാണി സി കാപ്പന്‍ മൂന്ന് സീറ്റ് ആവശ്യപ്പെട്ടു എന്നത് മാധ്യമ വാര്‍ത്ത മാത്രം; എംഎം ഹസ്സന്‍

mm-hassan

തിരുവനന്തപുരം:മാണി സി കാപ്പനുമായി ഇതുവരെ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. കാപ്പന്‍ മൂന്ന് സീറ്റ് ആവശ്യപ്പെട്ടു എന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര സമാപിച്ച ശേഷം മാണി സി കാപ്പനുമായി സീറ്റ് സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും എം.എം.ഹസ്സന്‍ വ്യക്തമാക്കി.

മാണി സി കാപ്പന്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിലും നല്ലത് കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതാണ് എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ദേശിച്ചതെന്നും എംഎം ഹസ്സന്‍ വിശദീകരിച്ചു.

എന്‍.സി.പി. വിട്ടുവന്ന മാണി സി കാപ്പന്‍ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടാണ് മുല്ലപ്പള്ളി പങ്കുവച്ചത്. അദ്ദേഹം പറഞ്ഞതിനെ ശരിവെച്ച് ഡല്‍ഹിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചിരുന്നു. കാപ്പന്‍ വിഭാഗം വന്നത് മധ്യതിരുവിതാംകൂറില്‍ ഗുണംചെയ്യുമെങ്കിലും കൂടുതല്‍ സീറ്റുനല്‍കാന്‍ പരിമിതികളുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു.

Top