തൃശൂര്‍: കലാഭവന്‍ മണിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്തി അറിയിച്ച് ബന്ധുക്കള്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടാണ് മണിയുടെ ബന്ധുക്കള്‍ അതൃപ്തി അറിയിച്ചത്. സിപിഐഎം ജില്ലാ നേതാക്കള്‍ക്കൊപ്പം കലാഭവന്‍ മണിയുടെ വീട്ടിലെത്തിയതായിരുന്നു കോടിയേരി.
സഹോദരന്‍ രാമകൃഷ്ണനാണ് അന്വേഷണത്തിലെ അതൃപ്തി അറിയിച്ചത്. സഹായികളായ മൂന്ന്‌പേരെ കേന്ദ്രീകരിച്ച് മാത്രമാണ് നിലവില് അന്വേഷണം നടക്കുന്നതെന്ന് രാമകൃഷ്ണന്‍ കോടിയേരിയോട് പറഞ്ഞു. തലേദിവസം പാഡിയിലുണ്ടായിരുന്നവരെ കുറിച്ചും തങ്ങളെ അറിയിക്കാതെ മണിക്ക് മയക്കാനുള്ള മരുന്ന് നല്കിയ ഡോക്ടര് സുമേഷിനെ കുറിച്ചും അന്വേഷണം വേണമെന്നും രാമകൃഷ്ണന് ആവശ്യപ്പെട്ടു.
ഭാര്യ നിമ്മി കോടിയേരിക്ക് നിവേദനം നല്‍കി.
മണിയുടെ മരണം സംബന്ധിച്ച് നിലവില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് കോടിയേരി പറഞ്ഞു. മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അരമണിക്കൂറോളം കലാഭവന്‍ മണിയുടെ വീട്ടില്‍ ചെലവഴിച്ചാണ് കോടിയേരി മടങ്ങിയത്. ബി.ഡി.ദേവസി എംഎല്‍എ, എ.സി.മൊയ്തീന്‍ തുടങ്ങിയവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.