തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി എല്‍.ഡി.എഫുമായി ചേര്‍ന്ന് ചര്‍ച്ച നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ് എം.എല്‍.എ.
മാണിയെ യു.ഡി.എഫ് മുഖ്യമന്ത്രിയാക്കാമെന്നും ജോസ് കെ.മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാമെന്നും രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തപ്പോഴാണ് നീക്കത്തില്‍ നിന്ന് പിന്മാറിയത്. സി.പി.എമ്മിലെ സമുന്നത നേതാവുമായി നടത്തിയ ചര്‍ച്ചയില്‍ മദ്ധ്യസ്ഥത വഹിച്ചത് താനാണെന്നും പി.സി ജോര്‍ജ് വെളിപ്പെടുത്തി.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജ് എം.എല്‍.എ. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് മാണി ധനമന്ത്രിയായും താന്‍ ചീഫ് വിപ്പായും ഇരിക്കുന്ന കാലത്ത് മാണിയുടെ നിര്‍ബന്ധത്താല്‍ സി.പി.എമ്മുമായി താന്‍ നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും രണ്ടും തകര്‍ന്നു കിട്ടുമെന്നതിനാല്‍ തനിക്കിത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് അഴിമതിക്കേസില്‍ മാണിയെ പിണറായി രക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാണിയെ രക്ഷിച്ചോളാമെന്ന് പിണറായി വാക്കുപറഞ്ഞിട്ടുണ്ട്. താനും തന്റെ മകനും എന്നല്ലാതെ പാര്‍ട്ടി എന്നൊരു ചിന്ത ഇപ്പോള്‍ മാണിക്കില്ല. എങ്ങനെയെങ്കിലും എല്‍.ഡി.എഫിനൊപ്പം കൂടണമെന്നാണ് മാണിയുടെ ആഗ്രഹം.
മാണി ഒരു പടുകുഴിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ കേരള കോണ്‍ഗ്രസ് എന്ന പേരു പറയാന്‍ പോലും ആരുമുണ്ടാകില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.