തമിഴ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം-കമല്‍ഹാസന്‍ കൂട്ടുകെട്ടിന്റെ തഗ് ലൈഫ്. കഴിഞ്ഞ മാസമാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. അടുത്ത ഷെഡ്യൂള്‍ യൂറോപ്യന്‍ രാജ്യങ്ങളിലായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ലൊക്കേഷന്‍ സെര്‍ബിയയിലായിരിക്കുമെന്ന് വ്യക്തമാക്കുന്ന ചില സ്റ്റില്ലുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മണിരത്നവും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും സെര്‍ബിയയില്‍ ലൊക്കേഷന്‍ ഹണ്ട് നടത്തുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് ഉള്‍പ്പെടുന്ന സുപ്രധാന രംഗങ്ങളായിരിക്കും ഇവിടെ ചിത്രീകരിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ സെര്‍ബിയ ഷെഡ്യൂളിന്റെ ഭാഗമാകുമെന്നുള്ള സൂചനകളും ഉണ്ട്.
1987ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന് ശേഷം കമല്‍-മണിരത്നം ടീം ഒന്നിക്കുന്നു എന്നതിനാല്‍ തന്നെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് തഗ് ലൈഫ്. ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തിലുണ്ട്.
എ ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവാനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.