അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നു . . !

പലന്‍പുര്‍ (ഗുജറാത്ത്): ഗുജറാത്ത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍ വരണമെന്ന് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പാക്കിസ്ഥാനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനുമായി കോണ്‍ഗ്രസ്സ് കൈകോര്‍ക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

ഗുജറാത്തിലെ പലന്‍പുരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

തന്നെ നീചനെന്നു വിളിച്ച് പരിഹസിച്ചു കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍, ഈ സംഭവത്തിനു തൊട്ടുതലേന്ന് അദ്ദേഹം മറ്റു കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കൊപ്പം സ്വവസതിയില്‍ ഇന്ത്യയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നാണ് മോദിയുടെ ആരോപണം.

പാക്ക് സൈന്യത്തിലെ ഡയറക്ടര്‍ ജനറലായിരുന്ന സര്‍ദാര്‍ അര്‍ഷാദ് റഫീഖ്, അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും മോദി ആരോപിച്ചു.

മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ ചില കൂടിയാലോചനകള്‍ നടന്നതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. പാക്കിസ്ഥാന്‍ സ്ഥാനപതിയും പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. മൂന്നു മണിക്കൂറിലധികം സമയം ഇവര്‍ കൂടിയാലോചന നടത്തിയെന്നും മോദി ആരോപിച്ചു.

ഇതിനു തൊട്ടടുത്ത ദിവസമാണ് മണിശങ്കര്‍ അയ്യര്‍ എന്നെ നീചനെന്നു വിളിച്ചത്. ഇത് വളരെ ഗൗരവതരമായ വിഷയമാണ്. ഈ യോഗത്തില്‍ സര്‍ദാര്‍ അര്‍ഷാദ് റഫീഖ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഹമ്മദ് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു വശത്ത് പാക്ക് സൈന്യത്തിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തുമ്പോള്‍, മറുവശത്ത് പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ മണിശങ്കര്‍ അയ്യരുടെ വസതിയില്‍ യോഗം സംഘടിപ്പിക്കുന്നു – മോദി ചൂണ്ടിക്കാട്ടി.

ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഗുജറാത്തിലെ ജനങ്ങളും പിന്നാക്കവിഭാഗക്കാരും പാവപ്പെട്ടവരും മോദിയും അപമാനിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ സംശയമുയര്‍ത്തുന്നില്ലേയെന്നും മോദി തിരഞ്ഞെടുപ്പു റാലിയില്‍ ചോദിച്ചു. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ്സ് രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഡിസംബര്‍ 14 ന് രണ്ടാംഘട്ട വോട്ടെടുപ്പു നടക്കാനിരിക്കെയാണ് പാക്കിസ്ഥാനെയും കോണ്‍ഗ്രസിനെയും ബന്ധപ്പെടുത്തുന്ന ആരോപണങ്ങളുമായി മോദിയുടെ രംഗപ്രവേശം.

കോണ്‍ഗ്രസ്സിനെ ഏറെ പ്രതിരോധത്തിലാക്കുന്ന ആരോപണമാണ് ഇപ്പോള്‍ രാജ്യത്തെ പ്രധാനമന്ത്രി തന്നെ ഉന്നയിച്ചിരിക്കുന്നത്.

Top