മണിച്ചന്റെ ജയിൽ മോചനം വൈകാൻ സാധ്യത; പുറത്തിറങ്ങണമെങ്കിൽ 30.45 ലക്ഷം കെട്ടിവയ്ക്കണം

തിരുവനന്തപുരം: ഗവർണർ അനുകൂല തീരുമാനമെടുത്തെങ്കിലും കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയിൽ മോചനം വൈകാൻ സാധ്യത. കൊല്ലം സെഷൻസ് കോടതി വിധിച്ച പിഴയിൽ 30.45 ലക്ഷം രൂപ കെട്ടിവച്ചാലേ നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് മണിച്ചൻ മോചിതനാകൂ എന്ന് ജയിൽ അധിക‍ൃതർ പറഞ്ഞു. സർക്കാർ ഉത്തരവ് ജയിൽ അധികൃതർക്കു ലഭിച്ചാൽ പട്ടികയിലുള്ള മറ്റു 32 തടവുകാർക്ക് ജയിലിനു പുറത്തിറങ്ങാം. ഇവരിൽ പിഴ അടയ്ക്കാനുള്ളവരുണ്ടെങ്കിൽ ആ തുക അടച്ചാൽ മാത്രമേ ജയിൽ മോചനം സാധ്യമാകൂ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, ഗൂഢാലോചന, പ്രേരണക്കുറ്റം, പരുക്കേൽപ്പിക്കൽ, അബ്കാരി നിയമത്തിലെ വിഷം കലർത്തൽ, വിഷവസ്തു കൈവശം വയ്ക്കൽ, വിൽപ്പന തുടങ്ങി 17 കുറ്റങ്ങൾക്കാണ് മണിച്ചനെ ശിക്ഷിച്ചത്.

നല്ല നടപ്പ് പരിഗണിച്ചാണ് മണിച്ചനെ സെൻട്രൽ ജയിലിൽനിന്ന് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കു മാറ്റിയത്. ജയിലിൽ സ്ഥാപിച്ചിട്ടുള്ള ടിവിയില്‍ നിന്നാണ് മോചനവാർത്ത മണിച്ചൻ അറിഞ്ഞത്. വിഷമദ്യദുരന്തക്കേസിലെ 26 പ്രതികളിൽ മണിച്ചനും ഹയറുന്നീസയും ഉൾപ്പെടെ 14 പേർക്കാണ് സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്. മറ്റു 12 പേർക്കു രണ്ടരവർഷവും ഒരാൾക്കു രണ്ടു വർഷം കഠിന തടവും പിഴയും വിധിച്ചു. ഏഴാം പ്രതിയായ മണിച്ചനാണ് ഏറ്റവും വലിയ ശിക്ഷ ലഭിച്ചത്. ജീവപര്യന്തവും 30.45 ലക്ഷംരൂപ പിഴയും. ഹയറുന്നീസയ്ക്ക് 7.35 ലക്ഷംരൂപയാണ് പിഴ വിധിച്ചത്.

Top