അഗര്‍ത്തല: രാജ്യത്ത് ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇല്ല .. ഇനി ഉണ്ടാവുമോ എന്ന കാര്യവും സംശയമാണ്. സി.പി.എമ്മിനെതിരെ ശക്തമായി ആഞ്ഞടിക്കുന്ന ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കള്‍ പോലും മനസ്സില്‍ അഭിനന്ദിക്കുന്നുണ്ട് ഈ നേതാവിനെ . . അതാണ് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍.
ദരിദ്രനായ ഈ മുഖ്യമന്ത്രിയുടെ ഇമേജാണ് ത്രിപുര തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പാര്‍ട്ടി കേഡറുകളുടെ യോഗത്തില്‍ തുറന്നു പറഞ്ഞത് അമിത് ഷാ ആണ്. ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും മാണിക് സര്‍ക്കാറിന്റെ ജീവിത രീതിയില്‍ വലിയ മതിപ്പാണ്. തന്നെ കാണാനെത്തിയ ത്രിപുരയിലെ നേതാക്കളോട് മുമ്പ് മാണിക് സര്‍ക്കാരിന്റെ ജീവിത രീതി മാതൃകയാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉപദേശിച്ചിരുന്നു.
സ്വന്തമായി ഭൂസ്വത്തും കാറും വീടുമൊന്നും ഈ പാവങ്ങളുടെ മുഖ്യമന്ത്രിക്കില്ല. ബാങ്ക് ബാലന്‍സാകട്ടെ 2040 രൂപ. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും അലവന്‍സും മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കുന്നു. പാര്‍ട്ടി നല്‍കുന്ന അലവന്‍സിലാണ് ജീവിതം.
ഒരു ജന നേതാവ് എങ്ങനെയായിരിക്കണം എന്ന് സ്വന്തം ജീവിതം കൊണ്ട് തുറന്നു കാട്ടുന്ന മാണിക് സര്‍ക്കാര്‍ ഒരു കമ്യൂണിസ്റ്റുകാരനായതില്‍ മാത്രമാണ് രാഷ്ട്രീയ എതിരാളികള്‍ക്കുള്ള എതിര്‍പ്പ്. എന്നാല്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റായതിനാല്‍ മാത്രമാണ് മാണിക് സര്‍ക്കാറിന് ആശയം ജീവിതത്തിലും പകര്‍ത്താന്‍ കഴിഞ്ഞതെന്നതാണ് യാഥാര്‍ത്ഥ്യം.
രാജ്യത്ത് ഏറ്റവും അധികം വര്‍ഷം ഒരു സംസ്ഥാനം ഭരിച്ച ചരിത്രവും കമ്യൂണിസ്റ്റുകള്‍ക്കാണ് . . സി.പി.എമ്മിനാണ്. മുന്‍പ് ബംഗാളിലും ഇപ്പോള്‍ ത്രിപുരയിലും ആ ചരിത്രം തുടരുന്നു. തുടര്‍ച്ചയായി 20 വര്‍ഷവും ത്രിപുര മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാര്‍ അഞ്ചാം വട്ടവും ചരിത്രം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രസംഗവും പ്രവര്‍ത്തിയും ഒന്നാകണമെന്ന് ആഗ്രഹിക്കുന്ന സി.പി.എം നേതാവാണ് ഈ ത്രിപുര മുഖ്യമന്ത്രി.
”ചെയ്യാന്‍ കഴിയുന്നത് മാത്രമേ ഞങ്ങള്‍ പറയു, ജനങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്നതൊന്നും ഇതുവരെ ചെയ്തിട്ടില്ല . . ഇനി ചെയ്യുകയുമില്ല” എന്ന മാണിക് സര്‍ക്കാറിന്റെ വാക്കുകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതും അതുകൊണ്ടാണ്.
ഓരോ തിരഞ്ഞെടുപ്പിലും തങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കിയത് ചൂണ്ടിക്കാട്ടി മാണിക് സര്‍ക്കാര്‍ പ്രചരണ രംഗം ഉഴുതു മറിക്കുകയാണ്. കാല്‍ നൂറ്റാണ്ടിലേറെ പിന്നിട്ട ഇടതുപക്ഷ ഭരണത്തില്‍ നിന്നും ‘ഒരു മാറ്റം’ എന്ന പ്രചരണമുയര്‍ത്തിയാണ് ബി.ജെ.പി ഇടതു പക്ഷത്തിനെതിരെ പട നയിക്കുന്നത്.
ജനിച്ചതു മുതല്‍ ചുവപ്പ് ഭരണം മാത്രം കണ്ടു വളര്‍ന്ന പുതിയ തലമുറ ഒരു മാറ്റം ആഗ്രഹിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തുന്നത്. കോണ്‍ഗ്രസ്സ് തരിപ്പണമായതിനാല്‍ ഇവിടെ സി.പി.എം-ബി.ജെ.പി നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്.
ത്രിപുരയിലെ ഗോത്ര വിഭാഗത്തിലെ തീവ്ര വിഭാഗമായ ഇന്‍ഡിജിനീസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടീ) എന്‍.സി വിഭാഗവുമായി ബി.ജെ.പി സഖ്യത്തിലാണ് മത്സരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് മണിക് സര്‍ക്കാര്‍ പൊതുയോഗങ്ങളില്‍ ആഞ്ഞടിക്കുന്നത്.
രക്തരൂക്ഷിത ആക്രമണങ്ങളുടെ പഴയ നാളുകള്‍ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്ന കാവിപ്പടയുടെ നീക്കത്തിനെതിരെ ത്രിപുരയുടെ സുരക്ഷക്കായി വോട്ട് ചെയ്യാനാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
റിപ്പോര്‍ട്ട് : ടി. അരുണ്‍ കുമാര്‍