രാജ്യത്തെ ഞെട്ടിച്ച സംഭവമാണ് ത്രിപുര മുന്‍ മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക്ക് സര്‍ക്കാറിനെതിരെ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം.
രാഷ്ട്രീയത്തിന് അതീതമായി മണിക് സര്‍ക്കാര്‍ എന്ന കമ്യൂണിസ്റ്റിനെ ബഹുമാനിക്കുന്നവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ പെടും.
ത്രിപുരയിലെ 25 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമമിട്ട് ബി.ജെ.പി ഭരണം പിടിച്ചപ്പോഴും വോട്ടിങ് ശതമാനത്തില്‍ സി.പി.എമ്മിന് വലിയ കോട്ടം തട്ടാതിരുന്നത് മണിക്ക് സര്‍ക്കാറിന്റെ മികവുകൊണ്ടു കൂടിയാണ്.
20 വര്‍ഷം മുഖ്യമന്ത്രിയായിട്ടും സ്വന്തമായി ഒരു വീടു പോലും ഇല്ലാത്ത, ബാങ്ക് ബാലന്‍സില്ലാത്ത ഈ ദരിദ്ര മുഖ്യമന്ത്രി മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് വലിയ അത്ഭുതം തന്നെയാണ്. രണ്ടു ലോകസഭ സീറ്റുള്ള ത്രിപുരയില്‍ ഇത്തവണ ഒരു സീറ്റ് സി.പി.എം നിലനിര്‍ത്തിയാല്‍ തന്നെ അത് ബി.ജെ.പിക്ക് കനത്ത പ്രഹരമാകും.
അധികാരത്തില്‍ വന്നതുമുതല്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിവരുന്ന അതിക്രമത്തിന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചുട്ട മറുപടി കിട്ടുമെന്ന് ഭയന്നാണ് ഇടതുപക്ഷ നായകന്‍ മണിക് സര്‍ക്കാറിനെ ആക്രമിക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്.
മണിക് സര്‍ക്കാര്‍ മാണിക്യമാണെന്ന് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും സമ്മതിക്കുമെന്നാണ് ത്രിപുരയിലെ സി.പി.എം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തുന്നത്.
ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാറിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ മണിക് സര്‍ക്കാറിനെ ക്ഷണിക്കാന്‍ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസില്‍ നിയുക്ത മുഖ്യമന്ത്രിയും ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി റാം മാധവും എത്തിയത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ പോലും അവഗണിച്ച് മണിക്ക് സര്‍ക്കാറിനെ ബഹുമാനിച്ചതും പ്രത്യേകം സ്റ്റേജിന് പിന്നിലേക്ക് കൊണ്ടുപോയി സംസാരിച്ചതും ദേശീയ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു.
പ്രസംഗത്തില്‍ മാത്രം അല്ല പ്രവര്‍ത്തികൊണ്ടും നൂറു ശതമാനവും തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു മണിക് സര്‍ക്കാര്‍. അതു കൊണ്ടു തന്നെയാണ് അദ്ദേഹത്തിനെതിരായ ആക്രമണം ദേശീയ രാഷ്ട്രിയ കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിരിക്കുന്നത്.
അഗര്‍ത്തലയില്‍നിന്നും 25 കിലോമീറ്റര്‍ അകലെ പാര്‍ട്ടി ഓഫീസില്‍ ഒക്‌ടോബര്‍ വിപ്ലവത്തെക്കുറിച്ചുള്ള സെമിനാര്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അക്രമികള്‍ മാരകായുധങ്ങളുമായി സിപിഎം നേതാക്കളെ ആക്രമിച്ചത്. ആയുധങ്ങളുമായി സംഘടിച്ചെത്തിയ വന്‍ സംഘം മണിക് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ തടഞ്ഞു.
മുന്‍മന്ത്രിമാരും എംഎല്‍എമാരും മണിക് സര്‍ക്കാരിനൊപ്പമുണ്ടായിരുന്നു. ചൗധരിക്കും രണ്ടു പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. എംഎല്‍എ നാരായണ്‍ ചൗധരിയുടെ കാര്‍ തകര്‍ത്തു. ഡ്രൈവറാണ് അദ്ദേഹത്തെ അക്രമികളില്‍നിന്നും രക്ഷിച്ചത്. പൊലീസെത്തിയാണ് നേതാക്കളെ അഗര്‍ത്തലയില്‍ എത്തിച്ചത്.
സെമിനാറില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെയും ബിജെപിക്കാര്‍ തടഞ്ഞു. കഴിഞ്ഞ 13ന് ജില്ലാ പരിഷത്ത് പ്രസിഡന്റിന്റെ വീടും വാഹനവും ആക്രമിച്ചു. ഇതു സംബന്ധിച്ച് പരാതി നല്‍കാനായി പോയ ഹിമാന്‍ശുവിനെ അക്രമികള്‍ ആയുധങ്ങളുമായി തടഞ്ഞു. കല്ലേറില്‍ 10 പൊലീസുകാര്‍ അടക്കം 28 പേര്‍ക്ക് അന്ന് പരിക്കേറ്റു.
അക്രമികളെ ന്യായീകരിക്കുന്ന തരത്തിലാണ് ബിജെപിയുടെ പ്രതികരണം. ഇത്തരം ആക്രമണം നടന്നിട്ടേയില്ലെന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ വാദമെന്ന് സിപിഐഎം നേതാവ് പബിത്ര കൗര്‍ ആരോപിച്ചു. സംഘപരിവാര്‍ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.
റിപ്പോര്‍ട്ട്: സുനില്‍ നാരായണന്‍