സിനിമാതാരമായി സമ്പത്തും സൗകര്യങ്ങളും വര്‍ധിക്കുമ്പോള്‍ തന്റെ രാഷ്ട്രീയവും നിലപാടും മറച്ചുപിടിച്ച് അഭിനയിക്കുകയും മത്സരിക്കാന്‍ സീറ്റുലഭിക്കുമ്പോള്‍ സഖാവ് ചമഞ്ഞെത്തുകയും ചെയ്യുന്ന ഇന്നസെന്റല്ല താരം. നടനാകും മുമ്പെ ഞാന്‍ കമ്യൂണിസ്റ്റാണെന്നു പ്രഖ്യാപിച്ച മണികണ്ഠന്‍ ആചാരിയാണ് യതാര്‍ത്ഥ ഹീറോ.
നാടകം കളിച്ചും, പാട്ടുപാടിയും, പട്ടിണിയും ദുരിതവുമായി ജീവിതം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പൊരുതിയ കലാകാരന്‍മാരായിരുന്നു ഒരു കാലത്ത് ചെങ്കൊടിയുടെ കരുത്ത്. സമ്പത്തിന്റെയും അധികാരത്തിന്റെയും പക്ഷത്ത് നിലയുറപ്പിക്കുന്ന താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന നടന്‍ ഇന്നസെന്റിനെപ്പോലെയുള്ളവരാണ് ഇന്ന് അവരുടെ അധ്വാനത്തിന്റെ വിളവ് കൊയ്യുന്നത്.
2014 ല്‍ പി.സി ചാക്കോ മണ്ഡലം മാറിയതിലുള്ള വിരോധം തീര്‍ക്കാനുള്ള നിഷേധവോട്ടുകളാണ് ചാലക്കുടിയില്‍ ഇന്നസെന്റിനെ വിജയിപ്പിച്ചത്. എം.പിയെന്ന നിലയില്‍ ഇന്നസെന്റിന്റെ പ്രവര്‍ത്തനം പരിതാപകരമായിരുന്നു. അസുഖവും സിനിമാതിരക്കും താരസംഘടനയുടെ ഭരണവുമായി മണ്ഡലത്തിലെ വോട്ടര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍പോലും അദ്ദേഹത്തിന് സമയം ലഭിച്ചില്ല. ഇത്തവണ പാര്‍ട്ടിപറഞ്ഞാല്‍ മത്സരിക്കുമെന്ന വെളിപ്പെടുത്തലുമായി സീറ്റ് പിടിച്ചുവാങ്ങി. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നെങ്കില്‍ ഇത്തവണ സഖാവായാണ് മത്സരിക്കുന്നതെന്ന പ്രഖ്യാപനവും നടത്തി. ഇവിടെയാണ് നടനായപ്പോഴും പഴയസഖാവായി ജീവിക്കുന്ന മണികണ്ഠന്‍ പൊതുസമൂഹത്തിനുമുന്നില്‍ താരമായി മാറുന്നത്.
എറണാകുളത്ത് സി.പി.എം സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സജീവ സാന്നിധ്യമാണ് മണികണ്ഠന്‍. സഖാവെന്നത് എനിക്കൊരു ഫാഷനല്ല. എന്റെ ചോരയിലുള്ളതാണെന്നാണ് മണികണ്ഠന്‍ പ്രഖ്യാപിച്ചത്. താന്‍ ആദ്യമൊരു കമ്യൂണിസ്റ്റുകാരനാണെന്നും അതുകഴിഞ്ഞേ നടനാകുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും ജാഥയിലും സ്ഥാനാര്‍ത്ഥി വരുന്നതിനുമുമ്പെത്തി തെരുവു നാടകം കളിച്ചും തൊണ്ടപൊട്ടുന്നതുപോലെയുള്ള മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തിച്ചകാലവും മണികണ്ഠന്‍ പങ്കുവെക്കുന്നു. തന്നെ താരമാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിന്റെ സൂപ്പര്‍താരമായിരുന്ന കലാഭവന്‍ മണിയും ഡി.വൈ.എഫ്.ഐയിലൂടെ സാധാരണ പ്രവര്‍ത്തകനായായി പ്രവര്‍ത്തിച്ച ശേഷമാണ് ജീവിത ദുരിതങ്ങല്‍ ഏറെ അനുഭവിച്ച് മലയാളത്തിന്റെ പ്രിയനടനായി വളര്‍ന്നത്. നടനായി തിളങ്ങി നില്‍ക്കുമ്പോഴും ഇടതുപക്ഷത്തിന് വോട്ടുതേടി തന്റെ രാഷ്ട്രീയം പറഞ്ഞ് മണി പൊതുവേദികളിലെത്തിയിരുന്നു.
അന്നെല്ലാം അധികാരത്തിന്റെയും സമ്പത്തിന്റെയും തണലില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇന്നസെന്റ്. 1979തില്‍ ആര്‍.എസ്.പിക്കാരനായി ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലറായി ജയിച്ചതിനു ശേഷം സിനിമയിലെത്തിയതോടെ രാഷ്ട്രീയവും ഇന്നസെന്റ് കൈവിട്ടു. സൂപ്പര്‍താരത്തിന്റെ ഇടപെടലില്‍ 2014ല്‍ ചാലക്കുടിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായെത്തുന്നതുവരെ ഇടതുപക്ഷത്തിനൊപ്പം ഒരിടത്തും ഇന്നസെന്റുണ്ടായിരുന്നില്ല. രണ്ടാമൂഴം തേടിയെത്തുമ്പോഴാണ് താന്‍ സഖാവാണെന്ന് വോട്ടര്‍മാരോട് പറയുന്നതുപോലും.
എന്നാല്‍ ജീവിതംകൊണ്ട് കമ്യൂണിസ്റ്റായവരാണ് കലാഭവന്‍ മണിയും മണികണ്ഠനും. അധികാരത്തിന്റെ അപ്പം ഭക്ഷിക്കാനെത്തുന്ന ഇന്നസെന്റുമാരെയല്ല ചോരയും നീരും നല്‍കി പാര്‍ട്ടിയെ വളര്‍ത്തിയ കാലാകാരന്‍മാരെയാണ് ഇടതുപക്ഷം നെഞ്ചോട് ചേര്‍ക്കേണ്ടത്.