ഇംഫാല്‍: ടോക്യോ ഒളിമ്പിക്‌സില്‍ ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന് മണിപ്പൂര്‍ സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി ഭിരേന്‍ സിംഗാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
മീരാഭായ് ചാനുവിന്റെ മെഡല്‍ നേട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന വടക്കു-കിഴക്കന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താനാണ് പ്രഖ്യാപിച്ചതെന്നും അമിത് ഷാ അടക്കമുള്ളവര്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് അതിനെ വരവേറ്റതെന്നും ഭീരേന്‍ സിംഗ് പറഞ്ഞു. താങ്കളുടെ മെഡല്‍ നേട്ടത്തിന് സമ്മാനമായി സംസ്ഥാന സര്‍ക്കാരിന്റെ വക ഒരു കോടി രൂപ നല്‍കുന്നുവെന്നും ഭീരേന്‍ സിംഗ് പറഞ്ഞു.
ടോക്യോയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ താങ്കള്‍ക്ക് റെയില്‍വെയിലെ ടിക്കറ്റ് കളക്ടറുടെ ജോലി തുടരേണ്ടിവരില്ലെന്നും ഒരു മികച്ച പദവി കാത്തിരിക്കുന്നുവെന്നും ഭീരേന്‍ സിംഗ് വ്യക്തമാക്കി.