മണിപ്പൂര്‍ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു

ഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഏതാനും സംസ്ഥാന മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. കലാപം പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയാത്ത ബിരേന്‍ സിങ് സര്‍ക്കാറിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും സിങ് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. മണിപ്പൂരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് വംശീയ കലാപം തുടരുന്ന സാഹചര്യത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ഉള്‍പ്പെട്ട പത്ത് കുക്കി എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. നാഗാ സമാധാന ചര്‍ച്ചകള്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതിനാല്‍ പങ്കെടുക്കില്ലെന്ന് നാഗാ എം.എല്‍.എമാരും അറിയിച്ചിരുന്നു. മണിപ്പൂരിലെ സ്ഥിതി ക്രമേണ മെച്ചപ്പെടുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ പ്രഥമ പരിഗണന മലകളിലും താഴ്വരയിലുമുള്ള ദുരിതബാധിതരെ പുനരധിവസിപ്പിക്കുക എന്നതാണ്. എട്ട് സ്ഥലങ്ങളില്‍ പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മിക്കുന്നുണ്ട്. തോക്ക് ആക്രമണം ഉണ്ടാകുമോ എന്ന ആശങ്ക ഇപ്പോള്‍ ഇല്ലാതായതായും സിംഗ് പറഞ്ഞു.

മെയ് മൂന്നിന് പട്ടികവര്‍ഗ പദവിക്കായി മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങളില്‍ 160ലധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും അക്രമികള്‍ നശിപ്പിച്ചിരുന്നു.

Top