ഇംഫാല്‍:മണിപ്പൂരില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ബി.ജെ.പി നിയമസഭ കക്ഷി നേതാവ് എന്‍. ബിരേന്‍ സിങ്ങിന് ഗവര്‍ണര്‍ നജ്മ ഹിബത്തുല്ലയുടെ ക്ഷണിച്ചു.
മണിപ്പുര്‍ മുഖ്യമന്ത്രിയായി എന്‍. ബീരേന്‍ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.സര്‍ക്കാര്‍ രൂപവത്കരിക്കാനാവശ്യമായ ഭൂരിപക്ഷം ബി.ജെ.പി.ക്കുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ഗവര്‍ണറെക്കണ്ട് മന്ത്രിസഭ രൂപവത്കരിക്കാന്‍ അദ്ദേഹം അവകാശവാദമുന്നയിച്ചിരുന്നു. സഖ്യകക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കിയുള്ള ചെറിയ മന്ത്രിസഭയാകും മണിപ്പുരിലേതെന്ന് ബി.ജെ.പി. കേന്ദ്രങ്ങള്‍ അറിയിച്ചു.
60 അംഗ നിയമസഭയില്‍ 21 എം.എല്‍.എ.മാരാണ് ബി.ജെ.പിക്കുള്ളത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും നാഗാ പീപ്പിള്‍സ് ഫ്രന്റിന്റെയും(എന്‍.പി.എഫ്.) നാല് എം.എല്‍.എ.മാരുടെയും കോണ്‍ഗ്രസ്, ലോക് ജനശക്തി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയിലെ ഓരോ എം.എല്‍.എ.യുടേതുമടക്കം 32 പേരുടെ പിന്തുണയുണ്ടെന്നാണ് സിങ് അറിയിച്ചിരിക്കുന്നത്.
എം.എല്‍.എമാരില്‍ ഒരാള്‍ക്ക് കാബിനറ്റ് പദവിയും മറ്റുള്ളവര്‍ക്ക് പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനവും എന്‍.പി.എഫ്. ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ആദ്യം ക്ഷണിച്ചില്ലെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചട്ടങ്ങള്‍ തനിക്കറിയാമെന്നും നേരെ വാ നേരേ പോ സ്വഭാവക്കാരിയാണ് താനെന്നും ഗവര്‍ണര്‍ നജ്മ ഹിബത്തുല്ല പറഞ്ഞു.
മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കറും പിയൂഷ് ഗോയലും ഇംഫാലില്‍ ക്യാമ്പ് ചെയ്താണ് തന്ത്രങ്ങള്‍ ഒരുക്കി ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കി ചരിത്രത്തിലാദ്യമായി ബി.ജെ.പി സര്‍ക്കാറിനെ അധികാരത്തിലെത്തിക്കുന്നത്.