ഡല്‍ഹി: മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. അക്രമകാരികളുടെ കൈവശം അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള സാഹചര്യത്തിലാണ് കലാപത്തിനു പിന്നിലെ സാമ്പത്തികവശത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മണിപ്പുരില്‍ ആറുമാസത്തിനിടെ നടന്ന 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളെക്കുറിച്ച് സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.
വിദേശത്തുനിന്നുള്ള പണം വരവ്, സന്നദ്ധ സംഘടനകള്‍ക്കു ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ എന്നിവയും അന്വേഷിക്കും. പ്രാദേശിക നേതാക്കളുടെയും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെയും അടക്കം 150 അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. മണിപ്പുര്‍ ആസ്ഥാനമായ രണ്ട് കമ്പനികളെക്കുറിച്ചും അഞ്ച് ഓണ്‍ലൈന്‍ വാതുവയ്പ്പ് കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ രണ്ട് ഓണ്‍ലൈന്‍ കമ്പനികളെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ബ്ലോക് ചെയ്തിരുന്നു.
അതിനിടെ ഗോത്ര മേഖലയ്ക്കു സൈനിക സംരക്ഷണം അടക്കം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജൂലൈ 17നു പരിഗണിക്കാന്‍ നിശ്ചയിച്ച കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജൂലൈ 3നു പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച ശേഷം 70 ഗോത്ര വര്‍ഗക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.