മണിപ്പൂര്‍ വിഷയം; വീണ്ടും പ്രതിപക്ഷ ബഹളം, പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിച്ചു

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ വീണ്ടും ഇരുസഭകളും കലുഷിതം. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വീണ്ടും പ്രതിപക്ഷ ബഹളം. പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിച്ചു. ബഹളത്തിനിടെ ലോക്‌സഭ സിനിമാട്ടോഗ്രഫി നിയമ ഭേദഗതി ബില്‍ ശബ്ദവോട്ടോടെ പാസാക്കി. രാജ്യസഭ നേരത്തേ ഇതു പാസാക്കിയിരുന്നു.

ലോക്‌സഭയില്‍ പതിവുപോലെ ചോദ്യോത്തരവേള തുടങ്ങിയപ്പോഴെ പ്രതിപക്ഷം ബഹളം തുടങ്ങി. മലാവിയില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ ഇന്നലെ ലോക്‌സഭയില്‍ അതിഥികളായെത്തിയിരുന്നു. അവരെ സഭ സ്വാഗതം ചെയ്തതിനു പിന്നാലെ ബഹളം തുടങ്ങി. അവിശ്വാസ പ്രമേയ നോട്ടിസ് ചര്‍ച്ചയ്‌ക്കെടുത്താല്‍ ബില്ലുകള്‍ പാസാക്കരുതെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും മനീഷ് തിവാരിയും വിളിച്ചു പറഞ്ഞെങ്കിലും സ്പീക്കര്‍ ചോദ്യോത്തരവേള ആരംഭിച്ചു. 2 ചോദ്യങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് ബഹളം രൂക്ഷമായി.

2 വരെ നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ പട്ടികവര്‍ഗ ഭേദഗതി ബില്ലിലെ ചെറിയ ഭേദഗതികള്‍ ശബ്ദവോട്ടോടെ പാസാക്കി. തുടര്‍ന്ന് അനുരാഗ് ഠാക്കൂര്‍ സിനിമാട്ടോഗ്രഫി ഭേദഗതി നിയമം അവതരിപ്പിച്ചു. പൈറസി തടയാനും അതിനുള്ള ശിക്ഷകള്‍ കഠിനമാക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ബില്ലും സഭ ശബ്ദവോട്ടോടെ പാസാക്കി. രാജ്യസഭയിലും പ്രതിപക്ഷം ബഹളമുണ്ടാക്കി. 4 തവണ നിര്‍ത്തിവച്ച ശേഷം പിരിഞ്ഞു.

Top