ചുരാചന്ദ്പൂര്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. ഉത്തരവാദിത്തം ഏറ്റെടുത്തത് മണിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും, മണിപ്പൂര്‍ നാഗാ ഫ്രണ്ടുമാണ്. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഇരുവരും ഉത്തരവാദിത്തം ഏറ്റെടുത്തത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മണപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സെഹ്കനാനില്‍ ആക്രമണമുണ്ടായത്. വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഒളിഞ്ഞിരുന്ന ഭീകരര്‍ ജവാന്മാര്‍ക്ക് നേരെ വെടിവച്ചു. വന്‍ ആയുധശേഖരത്തോട് കൂടിയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം.
അസം റൈഫിള്‍സ് 46-ാം യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, ഏട്ട് വയസുള്ള മകന്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.