ഇംഫാല്‍: മണിപ്പുര്‍ കലാപത്തില്‍ ഇതുവരെ 142 പേര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ചുരാചന്ദ്പുര്‍ ജില്ലകളിലാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീംകോടതിയുടെ ജൂലൈ 3ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മണിപ്പുര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. മേയ് 3 മുതല്‍ ജൂലൈ 4 വരെയുള്ള പൊലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ 29 വീതം മരണവും ചുരാചന്ദ്പുരില്‍ 26 മരണവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. താഴ്‌വരയിലെ കക്ചിങ്, ബിഷ്ണുപുര്‍ ജില്ലകളില്‍ യഥാക്രമം 21, 18 വീതം പേര്‍ മരിച്ചു. മലയോര ജില്ലയായ കാങ്‌പോക്പിയില്‍ എട്ട് പേരാണ് മരിച്ചത്. ജൂലൈ 3 വരെ 5,053 തീവയ്പ്പ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാങ്‌പോക്പി (1091), ചുരാചന്ദ്പുര്‍ (1043) ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. ഇംഫാല്‍ ഈസ്റ്റില്‍ 938 കേസുകളും ബിഷ്ണുപുരില്‍ 528 കേസുകളും രജിസ്റ്റര്‍ ചെയ്തു.
കലാപത്തെത്തുടര്‍ന്ന് വീടുകള്‍ വിട്ട 54,488 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞുവരുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചുരാചന്ദ്പുരില്‍ മാത്രം 102 ക്യാമ്പുകളിലായി 14,816 പേര്‍ അഭയംതേടി. കാങ്‌പോക്പിയില്‍ 12,740 പേര്‍ 60 ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ജൂലൈ 4 വരെ 5996 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 181 പേരെ അറസ്റ്റു ചെയ്തു. ഇതില്‍ 110 പേരെ ജ്യാമ്യത്തില്‍വിട്ടു.
അതേസമയം കലാപം തുടര്‍ന്നുകൊണ്ടിരിക്കുന്ന മണിപ്പുരില്‍ തിങ്കളാഴ്ച ഒരു പൊലീസുകാരന്‍കൂടി കൊല്ലപ്പെട്ടു. ഞായറാഴ്ച തീവയ്പ്പില്‍ 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്രമസമാധാനം കൈവരിക്കാനായി മേഖലയില്‍ കൂടുതല്‍ പൊലീസിനെയും സുരക്ഷാസേനയേയും വിന്യസിച്ചിട്ടുണ്ട്.