ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാൻ മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം

ദില്ലി: ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ചികിത്സയിലിരിക്കുന്ന ഭാര്യ കാണാനാണ് ശനിയാഴ്ച ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചത്. കർശന നിർദ്ദേശത്തോടെയാണ് ജാമ്യം. മാധ്യമങ്ങളെ കാണാനോ, മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ദിവസം ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ സർപ്പിച്ചത്. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങൾ അതീവ ​ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോടതി പറഞ്ഞിരുന്നു.

ദില്ലി എക്സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാവും. ഇതെല്ലാം പരി​ഗണിച്ചാണ് ആദ്യം ജാമ്യം നിഷേധിച്ചത്.

Top