കടുവയെ പിടിക്കുന്ന കിടുവ’ എന്നൊക്കെ കേട്ടിട്ടേയൊള്ളൂ. എന്നാല്‍, അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിയില്‍ സംഭവിച്ചിരിക്കുന്നത് അതാണ്. ബി.ജെ.പി എന്ന ‘കടുവയെ ‘ ആണ് ആം ആദ്മി പാര്‍ട്ടി പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ബി.ജെ.പിയെ സഹായിച്ചാല്‍ ഇ.ഡിയുടെയും സി.ബി.ഐയുടെയും കേസുകളെല്ലാം പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും ബി.ജെ.പി. നേതാവ് വാഗ്ദാനം ചെയ്യുന്ന ഓഡിയോ റെക്കോഡ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പക്കലുണ്ടെന്നാണ് ആംആദ്മി പാര്‍ട്ടി അകാശപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഈ ഘട്ടത്തില്‍ ഓഡിയോ റെക്കോഡിങ് പുറത്തുവിടാന്‍ ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ, അത്തരമൊരുഘട്ടം അനിവാര്യമായാല്‍ ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നുമാണ് ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങളുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ പിടിഐയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയെ പിളര്‍ത്തിയാല്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മുന്‍പ് തുറന്നു പറഞ്ഞിരുന്നത്. ബി.ജെ.പിയെ സഹായിച്ചാല്‍ തനിക്കെതിരായ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്ന് വാക്കു തന്നതായും അദ്ദേഹം തുറന്നു പറയുകയുണ്ടായി. ഒരു ദൂതനാണ് തന്നെ സമീപിച്ചതെന്ന് വ്യക്തമാക്കിയ സിസോദിയ പക്ഷേ, ആളാരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയില്ല.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി. എം.പി. മനോജ് തിവാരി പരസ്യമായി വെല്ലുവിളിച്ചിരുന്നത്. സി.ബി.ഐ. കേസന്വേഷണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്നാണ്, റെക്കോര്‍ഡ് ചെയ്ത ഓഡിയോ ടേപ്പ് ഉണ്ടെന്ന് ആം ആദ്മി പാര്‍ട്ടി മറുപടി നല്‍കിയിരിക്കുന്നത്. ബി.ജെ.പിയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായ മറുപടിയായിരുന്നു ഇത്. ഇത്തരമൊരു സംഭാഷണം നടന്നിട്ടുണ്ടെങ്കില്‍ അതു പുറത്തു വന്നാല്‍ ബി.ജെ.പിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. പ്രത്യേകിച്ച്, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കുരുക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓഡിയോ ടേപ്പ് കൂടി പുറത്തായാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് വെട്ടിലാകുക. പ്രധാനമന്ത്രി തന്നെ ഇതിനു മറുപടി പറയേണ്ട സാഹചര്യവും, അതോടെ ഉണ്ടാകും.
വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് മുന്‍പ് ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള വേട്ടയാടലാണ് നിലവില്‍ നടക്കുന്നത്. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ വീണത് തന്നെ ഇ.ഡി ഭയത്താല്‍ നടന്ന കൂട്ട കൂറുമാറ്റത്തെ തുടര്‍ന്നാണ്. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും ഇ.ഡിയുടെ അറസ്റ്റ് ഭയന്നാണ് കഴിയുന്നത്. എന്തിനേറെ കേരളത്തിലും ഇഡി ഉദ്യോഗസ്ഥര്‍ വട്ടമിട്ട് പറക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസ് ഉള്‍പ്പെടെ ബംഗ്ലുരുവിലേക്ക് മാറ്റാന്‍ ഇ.ഡി ആവശ്യപ്പെട്ടതും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ്. ഒരു സ്വര്‍ണ്ണക്കടത്തു കേസ് പ്രതിയുടെ മൊഴി മാത്രം മുന്‍ നിര്‍ത്തിയാണ് സകല നീക്കങ്ങളും ഇ.ഡി നടത്തിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ്. കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ച് സകല മാര്‍ഗ്ഗങ്ങളും അവര്‍ അതിനായി പ്രയോഗിച്ചു കൊണ്ടിരിക്കുകയുമാണ്. ഡല്‍ഹിക്കു പുറമെ പഞ്ചാബിന്റെ ഭരണം കൂടി പിടിച്ചതാണ് ആം ആദ്മി പാര്‍ട്ടിയെ എതിരിയായി കാണാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചിരിക്കുന്നത്
രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഹരിയാന, ഹിമാചല്‍ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടിക്ക് നല്ല സ്വാധീനമുണ്ട്. ഇതില്‍ മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ബി.ജെ.പി വോട്ട് ബാങ്കില്‍ വിള്ളല്‍ ഉണ്ടാക്കുമെന്ന സംശയം മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെയുണ്ട്. നിലവില്‍ രണ്ടു സംസ്ഥാനങ്ങളില്‍ ഭരണമുള്ളതിനാല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ഫണ്ട് കണ്ടെത്താനും ആം ആദ്മി പാര്‍ട്ടിക്ക് പ്രയാസമുണ്ടാകുകയില്ല.
ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ട് ശേഖരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന സിസോദിയയെ തന്നെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വച്ചതിനു പിന്നില്‍ ഈ കാരണം കൂടി ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
രാഹുലും കോണ്‍ഗ്രസ്സും ക്ഷീണിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും പുതിയ നേതാവ് ഉയര്‍ന്നു വരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ആം ആദ്മി പാര്‍ട്ടിയെ വളരാന്‍ വിട്ടാല്‍ നരേന്ദ്ര മോദി – കെജരിവാള്‍ ഏറ്റുമുട്ടലായി ലോകസഭ തിരഞ്ഞെടുപ്പ് മാറുമെന്ന മുന്നറിയിപ്പ് മുന്‍പ് തന്നെ പരിവാര്‍ ബുദ്ധി ജീവികള്‍ ബി.ജെ.പി നേതൃത്വത്തിന് നല്‍കിയിട്ടുമുണ്ട്. ഈ തിരിച്ചറിവും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് ഇപ്പോള്‍ വേഗത പകര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പരിവാറിന്റെ ഈ അജണ്ടക്കു മേലാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ”ഓഡിയോ ചെക്ക് ” വച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ എക്സൈസ് അഴിമതിക്കേസില്‍, സിസോദിയുടെയും സഹായികളുടെയും , വീടുകളിലും, ഓഫീസികളിലും സി.ബി.ഐ. റെയ്ഡ് നടത്തിയതിന്റെ തൊട്ടു പിന്നാലെയാണ്, സിസോദിയയും …ആം ആദ്മി പാര്‍ട്ടിയും, ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്ക് ഓഫറുമായി വന്ന ബി.ജെ.പി നേതാവിനെ സിസോദിയ ഓഡിയോ റെക്കോര്‍ഡിലൂടെ കുരുക്കിയിട്ടുണ്ടെങ്കില്‍ അതൊരു ഗംഭീര നീക്കം തന്നെയാണ്. ആ സംഭാഷണം പുറത്ത് വിടാനാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം ഇനി തയ്യാറാകേണ്ടത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വേട്ടയാടപ്പെടുന്ന പുതിയ കാലത്ത് അതിന് അറുതി വരുത്താനും ബി.ജെ.പി ‘അജണ്ട’ പൊതു സമൂഹത്തില്‍ തുറന്നു കാട്ടാനും ഈ ഒറ്റ ഓഡിയോ റെക്കോര്‍ഡ് മാത്രം മതിയാകും.
ഡല്‍ഹി ഉപമുഖ്യമന്ത്രിയാണ് സിസോദിയ എന്നതിനാല്‍ അദ്ദേഹം പറയുന്നത് ശരിയാണെങ്കില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് വന്നിട്ടുണ്ടാകുക തീര്‍ച്ചയായും ഉന്നതനായ ഒരു ബി.ജെ.പി നേതാവ് തന്നെ ആയിരിക്കും. ഇ.ഡിയുടെയും സി.ബി.ഐയെയുടെയും അന്വേഷണങ്ങളെ സ്വാധീനിക്കാന്‍ കൊല്‍പ്പുള്ള നേതാവിനല്ലാതെ ഇങ്ങനെ വാഗ്ദാനം നല്‍കാനും കഴിയുകയില്ല. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്. സംഭാഷണം നടന്നിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ബി.ജെ.പി കേന്ദ്ര നേതാക്കളുടെ അനുമതിയോടെ ആകാനാണ് എല്ലാ സാധ്യതയുമുള്ളത്. ഈ ഓഡിയോ റെക്കോര്‍ഡ് പുറത്തു വന്നാല്‍ കേന്ദ്ര ഏജന്‍സികളെ മുന്‍ നിര്‍ത്തി ബി.ജെ.പി ‘കളിക്കുന്ന’ സകല ‘കളികള്‍’ക്കു കൂടിയാണ് അതോടെ റെഡ് സിഗ്‌നല്‍ ഉയരുക. പ്രതിപക്ഷം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
EXPRESS KERALA VIEW