മനീഷ് സിസോദിയ ഉടന്‍ അറസ്റ്റിലാവും; വിശ്വസനീയ വിവരമെന്ന് കെജരിവാള്‍

ഡൽഹി: ഡൽഹിയിൽ മന്ത്രിമാരുടെ അറസ്റ്റിനെച്ചൊല്ലിയുള്ള ആം ആദ്മി- ബിജെപി പോര് കടുക്കുന്നു. ഡൽഹി ഉപപ്രധാനമന്ത്രി മനീഷ് സിസോദിയയും കേസുകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെടാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തുറന്നടിച്ചു. കേന്ദ്ര ഏജൻസികൾക്ക് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിക്കഴിഞ്ഞു എന്നാണ് കെജ്‍രിവാൾ പറയുന്നത്. കേന്ദ്രസർക്കാരിന്റെ ജയിൽ രാഷ്ട്രീയം തനിക്ക് മനസ്സിലാകുന്നില്ലെന്നും കെജ്‍രിവാൾ പറയുന്നു.

‘ഞാൻ പ്രധാനമന്ത്രിയോട് പറയുകയാണ്. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു’, കെജ്‍രിവാൾ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

മെയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രജയിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഷെൽ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 201-ൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പഞ്ചാബിലെ സംഭവങ്ങൾക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ അറസ്റ്റ്.

സത്യേന്ദ്ര ജെയിനിനെ അറസ്റ്റ് ചെയ്യുമെന്ന് മാസങ്ങൾക്കു മുമ്പു തന്നെ തനിക്കു വിവരം ലഭിച്ചിരുന്നതായി കെജരിവാൾ പറഞ്ഞു. സമാനമായ വിധത്തിൽ സിസോദിയയെ ലക്ഷ്യമിട്ടു നീക്കം നടക്കുന്നതായാണ് പുതിയ വിവരം. ഏതാനും ദിവസത്തിനകം വ്യാജ കേസിൽ സിസോദിയയെ അറസ്റ്റ് ചെയ്യും- കെജരിവാൾ പറഞ്ഞു.

ഡൽഹിയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പിതാവാണ് സിസോദിയ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹമെന്ന് കെജരിവാൾ വിശേഷിപ്പിച്ചു. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെ എല്ലാ കുട്ടികൾക്കും പ്രതീക്ഷ നൽകിയ ആളാണ് അദ്ദേഹം. സിസോദിയ അഴിമതിക്കാരനാണോയെന്ന് വിദ്യാർഥികളുടെ മാതാപിതാക്കൾ പറയട്ടെ.

ആം ആദ്മി പാർട്ടിയുടെ എല്ലാ എംഎൽഎമാരെയും ഒറ്റയടിക്ക് അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുകയാണെന്ന് കെജരിവാൾ പറഞ്ഞു. ഓരോരുത്തരെ അറസ്റ്റ് ചെയ്യുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. എല്ലാവരെയും അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തട്ടെ. പുറത്തിറങ്ങുമ്പോൾ തടസ്സമില്ലാതെ പ്രവർത്തിക്കാമല്ലോയെന്ന് കെജരിവാൾ പറഞ്ഞു.

Top