ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച നാവികരുടെ വിഷയം ചര്‍ച്ചചെയ്യണം; അടിയന്തര പ്രമേയ നോട്ടീസ് നല്‍കി മനീഷ് തിവാരി

ഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവിശ്യം. കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയാണ് ഇത് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 2022 ഓഗസ്റ്റ് മുതല്‍ വിഷയം സഭയ്ക്കകത്തും പുറത്തും താന്‍ നിരന്തരം ഉന്നയിക്കുകയാണെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളും നിലവിലെ സാഹചര്യവും സഭയെ അറിയിക്കണമെന്ന് മനീഷ് തിവാരി നോട്ടീസില്‍ ആവശ്യപ്പെട്ടു. ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിലാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ അറസ്റ്റ് ചെയ്തത്. ദോഹ ആസ്ഥാനമായുള്ള സ്വകാര്യ പ്രതിരോധ സേവന ദാതാക്കളായ ദഹ്‌റ ഗ്ലോബലിന്റെ ജീവനക്കാരായിരുന്നു എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍.

ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ് കമാന്‍ഡര്‍ അമിത് നാഗ്ദാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ചീവ് ഗുപ്ത നാവികന്‍ രാഗേഷ് എന്നിവര്‍ക്ക് 2023 ഒക്ടോബര്‍ 26-ന് ഖത്തര്‍ കോടതി ശിക്ഷ വിധിച്ചിരുന്നു.

Top