പ്രതിഷേധക്കാര്‍ വിരട്ടിയോടിച്ചു ; മനിതി സംഘത്തെ പമ്പയിലെ ഗാര്‍ഡ് റൂമിലേക്ക് മാറ്റി

പമ്പ: മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. ഇവര്‍ക്കുനേരെ ശക്തമായ പ്രതിഷേധമാണ്. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്.

എന്നാല്‍ അമ്പത് മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം യുവതികള്‍ ഗാര്‍ഡ് റൂമില്‍ ഓടിക്കയറുകയായിരുന്നു. പിന്നീട് യുവതികളെ ഇവിടെനിന്നും പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.

പമ്പയുടെ ചുമതലയുള്ള എസ്പി ഇവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. യുവതികള്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ക്ക് മല കയറാനുള്ള സാഹചര്യം ഒരുക്കുമെന്നും പൊലീസ് അറിയിച്ചതായാണ് വിവരം.

Top