വിജയ് ബാബുവിനെ സംരക്ഷിച്ച് ‘അമ്മ’ മാലാ പാർവതി രാജിവച്ച് വെട്ടിലായി

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ വിജയബാബുവിനെതിരായ നടപടി സംബന്ധിച്ച് ‘അമ്മ’ സംഘടനയിൽ രണ്ട് പക്ഷമില്ലെന്ന് വൈസ് പ്രസിഡൻ്റ് മണിയൻ പിള്ള രാജു. വിജയ് ബാബു എക്സിക്യൂട്ടീവിൽ നിന്ന് പുറത്ത് പോകാമെന്ന് അറിയിച്ചു. പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. മാല പാർവ്വതിയുടെ രാജിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാല പാർവ്വതി അമ്മയിൽ സജീവമല്ല. ഐസിസി നിർദ്ദേശം പരിഗണിച്ചില്ലെന്നതിനും പ്രസക്തിയില്ല. ‘അമ്മ’ ആൺമക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മണിയൻ പിള്ള രാജു പറഞ്ഞു. അമ്മയിലെ കൂടുതൽ അംഗങ്ങളും സ്ത്രീകളാണെന്നും സംഘടന ഒറ്റക്കെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കിൽ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് നടി മാല പാർവതി രാജി വെച്ചിരുന്നു. സമിതിയിലെ മറ്റ് അംഗങ്ങൾക്കും വിഷയത്തിൽ അമർഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാൻ 30 ന് തന്നെ സമിതി ശുപാർശ ചെയ്തിരുന്നു. ഇന്നലെ ചേർന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അമർഷം ഉയർന്നത്.

വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിനെ ചൊല്ലിയാണ് ‘അമ്മ’ സംഘടനയിൽ തർക്കം ഉണ്ടായത്. വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു വിഭാഗം നിലപാടെടുത്തു. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിൻറെ വാദം. നടപടി എടുത്താൽ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലികളുടെ വാദം. അവസാനം ദീർഘനേരത്തെ ചർച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നൽകിയ മറുപടി പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ സംഘടനയിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്.

പീഡന പരാതി ഉയർന്നതിനെ തുടർന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിർത്തണമെന്ന് വിജയ്ബാബു തന്നെ അമ്മയ്ക്ക് മെയിൽ അയച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്നു ചേർന്ന അമ്മ നിർവാഹക സമിതി യോഗം തീരുമാനമെടുത്തത്. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇൻറേണൽ കംപ്ലെയിൻറ്സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.

Top