വിനീതിനെതിരായ സന്ദേശം: ഖേദം പ്രകടിപ്പിച്ച് മഞ്ഞപ്പട

കൊച്ചി: മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിന്റെ പരാതിയില്‍ വിശദീകരണവുമായി ബ്ലാസറ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. കളിക്കാര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്ന് മഞ്ഞപ്പട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വിനീതിനെതിരായി ഗ്രൂപ്പിലെ ഒരു അംഗം തെളിവില്ലാത്ത ആരോപണം പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച മഞ്ഞപ്പട ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയുടെ പേരില്‍ മഞ്ഞപ്പടയെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.മഞ്ഞപ്പട ആരാധക കൂട്ടായ്മ പിരിച്ചുവിടില്ലെന്നും വാര്‍ത്താകുറിപ്പ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ്- ചെന്നൈയിന്‍ എഫ് സി മത്സരത്തിനിടെ സി കെ വിനീത് ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതിനെതിരെ സി കെ വിനീത് മഞ്ഞപ്പടയ്‌ക്കെതിരെ രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. ശബ്ദസന്ദേശം പുറത്തുപോയത് തങ്ങളുടെ എക്‌സിക്യൂട്ടീവ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് മഞ്ഞപ്പട നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു.

അതേസമയം മഞ്ഞപ്പട എക്സിക്യൂട്ടീവ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിനെതിരെയാണ് തന്റെ പരാതിയെന്നും. തനിക്കെതിരെ വന്ന അപകീര്‍ത്തികരമായ സന്ദേശങ്ങളും പോസ്റ്റുകളും പിന്‍വലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാല്‍ പരാതി പിന്‍വലിക്കാമെന്നും വിനീത് അറിയിച്ചിരുന്നു.

Top