മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

K Surendran

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ്ആവശ്യപ്പെട്ടാണ് ഹര്‍ജി.

കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റസാഖിന്റെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചപ്പോള്‍ പിന്‍മാറുന്നില്ലെന്നായിരുന്നു നല്‍കിയ മറുപടി.

മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ നിര്‍ണായകമാണ് സുരേന്ദ്രന്റെ ഹര്‍ജി. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കില്‍ കോടതി തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും.

Top